ബെംഗളൂരു∙ കൊട്ടിഘോഷിച്ച് നിർമിച്ച സ്മാർട്ട് സിറ്റി റോഡുകളിൽ അപകട ഭീതിയുയർത്തി ആൾനൂഴി (മാൻഹോൾ) മൂടികൾ തകരുന്നത് പതിവാകുന്നു. ഒരു മാസത്തിനിടെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലുൾപ്പെടെ റോഡുകളിൽ 15 ഇടങ്ങളിൽ ഓടകൾക്കും കേബിൾ ഡക്ടുകൾക്കും മുകളിൽ സ്ഥാപിച്ച ഇരുമ്പ് മൂടികൾ വാഹനം കയറി തകർന്നു. പൊട്ടിയത് മാറ്റി സ്ഥാപിച്ച് ആഴ്ചകൾക്കകം വീണ്ടും തകർന്നതോടെ ഇതിന്റെ ഗുണമേന്മ സംബന്ധിച്ചു വ്യാപക പരാതി ഉയർന്നു.നേരത്തെ ഉണ്ടായിരുന്ന റോഡിൽ മഴവെള്ളം ഓടയിലേക്ക് ഒഴുകാൻ ഇരുവശങ്ങളിലായാണ് ഡ്രെയ്നേജ് സ്ഥാപിച്ചിരുന്നത്.
എന്നാൽ സ്മാർട്ട് സിറ്റി റോഡിൽ ഇത് റോഡിന് അടിയിലൂടെയാണ്. മഴ പെയ്യുമ്പോൾ മാത്രമാണ് ഇതിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. മഴ മാറുന്നതോടെ വെള്ളം റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കും. ഇതോടെ മഴവെള്ളം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കുത്തിയൊലിച്ച് എത്തുന്നത് ദുരിതം ഇരട്ടിയാക്കുന്നു
മുന്നറിയിപ്പ് നൽകി ട്രാഫിക് ബാരിക്കേഡ് : ആൾനൂഴി മൂടികൾ തകർന്ന ഇടങ്ങളിൽ അപകടങ്ങൾ പതിവായതോടെ മുന്നറിയിപ്പ് നൽകി ട്രാഫിക് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇരുചക്രവാഹന യാത്രക്കാരാണ് ഇതിൽ വീണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.