എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദ് പതിപ്പ് ഒരുങ്ങുന്നു. ഒക്ടോബര്‍ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭോപ്പാലില്‍ പ്രകാശനം നിര്‍വഹിക്കും. ഇതോടെ ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറും.
മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവര്‍ത്തനം ചെയ്ത പതിപ്പുകള്‍ 97 ഡോക്ടര്‍മാരുടെ സമിതി ഒമ്ബത് മാസത്തോളമെടുത്താണ് തയാറാക്കിയതെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍നിന്ന് (ജി.എം.സി) ആരംഭിക്കുന്ന പദ്ധതി നിലവിലെ അധ്യയന സെഷനില്‍ സര്‍ക്കാര്‍ നടത്തുന്ന 13 മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കും. തുടര്‍ന്നുള്ള നീക്കങ്ങളുടെ മാര്‍ഗരേഖ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന സ്ഥാപനങ്ങളില്‍ പഠന മാധ്യമമായി ഹിന്ദി ഉപയോഗിക്കാനുള്ള അമിത് ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി സമിതിയുടെ നീക്കത്തിനെതിരെ രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള ഇന്ത്യക്കാരുടെ ആകര്‍ഷണം 95 ശതമാനം പ്രതിഭകളെയും രാജ്യത്തിന്റെ പുരോഗതിയിലേക്ക് സംഭാവന ചെയ്യുന്നതില്‍നിന്ന് തടഞ്ഞുവെന്ന് ആഗസ്റ്റില്‍ തന്റെ ഭോപ്പാല്‍ സന്ദര്‍ശന വേളയില്‍ ഷാ പറഞ്ഞിരുന്നു.
ഹിന്ദി മീഡിയത്തില്‍ വിദ്യാഭ്യാസം നേടിയാലും ജീവിതത്തില്‍ പുരോഗതി കൈവരിക്കാനാകുമെന്നും ഈ നീക്കം മാതൃഭാഷയില്‍ അഭിമാനം തോന്നാനും ആളുകളുടെ ചിന്താഗതി മാറ്റാനും സഹായകരമാകുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറയുന്നു.
“ഈ വര്‍ഷം ഫെബ്രുവരി 11ന് ഞങ്ങള്‍ ആദ്യ യോഗം ചേര്‍ന്നു. തുടര്‍ന്ന് ഒരു ടാസ്‌ക് ഫോഴ്‌സും ഹിന്ദി മെഡിക്കല്‍ സെല്ലും രൂപവത്കരിച്ചു. മിക്ക കോളജുകളിലും പാഠപുസ്തകങ്ങളായി ഉപയോഗിക്കുന്ന പുസ്തകങ്ങളുടെ എഴുത്തുകാരെയും പ്രസാധകരെയും കണ്ടെത്തി നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ അവരുമായി ധാരണാപത്രം ഒപ്പുവെച്ചു. തുടര്‍ന്ന് ഉള്ളടക്കങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍നിന്ന് ഡോക്ടര്‍മാരെ ലഭിച്ചു,” മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. തുടക്കത്തില്‍ എല്ലാവരും ഈ ആശയത്തോട് യോജിച്ചില്ലെന്നും വിദഗ്ധരില്‍നിന്ന് എതിര്‍പ്പുണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇത്തരമൊരു നീക്കത്തിനെതിരെ വിമര്‍ശനവും വ്യാപകമാണ്. ഇത് നിര്‍ബന്ധമാക്കിയാല്‍, അത്തരം ഉദ്യോഗാര്‍ഥികള്‍ക്ക് മധ്യപ്രദേശിലോ മറ്റ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂവെന്ന് മധ്യപ്രദേശ് ജൂനിയര്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ (അണ്ടര്‍ ഗ്രാജുവേറ്റ് വിഭാഗം) മുന്‍ സംസ്ഥാന പ്രസിഡന്റ് ആകാശ് സോണി പറഞ്ഞു. വിദേശത്ത് പോകുന്നവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അറിവും വൈദഗ്ധ്യവും വര്‍ധിപ്പിച്ച് മടങ്ങിയെത്തിയ നിരവധി ഡോക്ടര്‍മാര്‍ മധ്യപ്രദേശിലെ കോളജുകളില്‍ പോലുമുണ്ട്. അത്തരം അവസരങ്ങള്‍ നിയന്ത്രിക്കപ്പെടും”, ഡോ. സോണി ചൂണ്ടിക്കാട്ടി.
ഈ പരിമിതികള്‍ മനസ്സിലാക്കി പലതിനും ഇംഗ്ലീഷ് അല്ലെങ്കില്‍ ഗ്രീക്ക് പദങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് സമിതി അംഗം കൂടിയായ മനോരോഗ വിദഗ്ധന്‍ ഡോ. സത്യകാന്ത് ത്രിവേദി പറഞ്ഞു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാനത്തിന് പദ്ധതിയില്ലാത്തതിനാല്‍ ഇതിനെ “ഹിന്ദി വേഴ്സസ് ഇംഗ്ലീഷ്” ചര്‍ച്ചയായി കാണരുതെന്ന് മധ്യപ്രദേശ് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ജിതന്‍ ശുക്ല പറഞ്ഞു.