ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ബോംബ് ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കി ഇ-മെയില്‍ സന്ദേശം.ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.മോഹിത് കുമാര്‍ എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്ന് ബോംബ് ഭീഷണി ലഭിച്ചത്. കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളവും നഗരത്തിലെ നിരവധി മാളുകളും ഒരു വൈറ്റ് കോളര്‍ ഭീകരസംഘം ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പുള്ളത്. ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ വൈറ്റ് കോളര്‍ ഭീകര സംഘടനയില്‍ നിന്നാണെന്ന് അവകാശപ്പെട്ടാണ് ഇ-മെയില്‍ സന്ദേശം എത്തിയത്. വൈകിട്ട് ഏഴു മണിക്കു ശേഷം ആക്രമണം ആരംഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ), ഓറിയോണ്‍ മാള്‍, ലുലു മാള്‍, ഫോറം സൗത്ത് മാള്‍, മന്ത്രി സ്‌ക്വയര്‍ മാള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ബോംബ് സ്‌ക്വാഡുകളും മറ്റു സുരക്ഷാ വിഭാഗങ്ങളും ഈ സ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തി. അതേസമയം പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനും കൂടുതല്‍ വിവരം ശേഖരിക്കാനും ബെംഗളൂരു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നവംബര്‍ പത്തിന് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെയാണ് വൈറ്റ് കോളര്‍ ഭീകരത എന്ന പദം ശ്രദ്ധ നേടിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രൊഫഷണലുകള്‍ ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടതോടെയാണ് വൈറ്റ് കോളര്‍ ഭീകര സംഘത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി ശ്രദ്ധിച്ചു തുടങ്ങിയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ അറസ്റ്റിലായിരുന്നു. രാജ്യത്ത് വിവിധ നഗരങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അഞ്ചു ഡോക്ടര്‍മാര്‍ 26 ലക്ഷം രൂപ വരെ പണം സ്വരൂപിച്ചതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ചെങ്കോട്ട സ്‌ഫോടനത്തിനു ശേഷം രാജ്യത്തെ എല്ലാ നഗരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ ബോംബ് ഭീഷണി ആശങ്ക ഉയര്‍ത്തുന്നത്.ഈ വര്‍ഷം ജൂണില്‍ ബെംഗളൂരുവിലെ ഒരു സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് നഗരത്തിലെ മറ്റ് പ്രധാനപ്പെട്ട സ്‌കൂളുകളിലും സമാനമായ ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഈ ഭീഷണികള്‍ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ഇ-മെയിലിന് പിന്നില്‍ എന്ന് വ്യക്തമായി. സംശയംപദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.