ബെംഗളൂരു: ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനിടെ ഉഡുപ്പി ജില്ലയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തിൽ കാൽവഴുതിവീണ് കാണാതായ യുവാവിന്റെ മൃതദേഹം ഏഴുദിവസത്തിനുശേഷം കണ്ടെത്തി.
ശിവമോഗ ഭദ്രാവതി സ്വദേശി ശരത് കുമാറിന്റെ (23) മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. അപകടം നടന്നതിന്റെ 200 മീറ്റർ താഴെ പാറക്കൂട്ടങ്ങൾക്കിടയിലായിരുന്നു മൃതദേഹം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വെള്ളച്ചാട്ടത്തിനരികെ പാറയിൽനിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽവീണത്.
മാലിന്യംകലർന്ന വെള്ളംകുടിച്ച്14 പേർ ചികിത്സയിൽ
ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ബീദർ ജില്ലയിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണംചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായാണ് വെള്ളംകുടിച്ച 14 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.