ബെംഗളൂരു : നഗര വീഥികളിൽ ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും.ബെംഗളൂരുവിലെ ബിഎംടിസിയുടെ ആദ്യത്തെ ഇലക്ട്രിക് ബസുകളും 150 ഭാരത് സ്റ്റേജ്-VI ഡീസൽ ബസുകളും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് ബസുകൾ നോൺ എസി, 9 മീറ്റർ നീളവും 33+1 സീറ്റുകളുമാണ്. വെഹിക്കിൾ ട്രാക്കിംഗ് യൂണിറ്റുകൾ, സിസിടിവികൾ, എൽഇഡി റൂട്ട് ഡിസ്പ്ലേ ബോർഡുകൾ, യാത്രക്കാരുടെ സുരക്ഷയ്ക്കായി എമർജൻസി പാനിക് ബട്ടണുകൾ എന്നിവയുണ്ട്. കെങ്കേരി ഡിപ്പോയിൽ നിന്ന് കെങ്കേരി മുതൽ ബനശങ്കരി, കെങ്കേരി മുതൽ ഇലക്‌ട്രോണിക് സിറ്റി, കെങ്കേരി മുതൽ ചിക്കബാനാവര എന്നിങ്ങനെ മൂന്ന് റൂട്ടുകളിലാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.
ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ നോൺ എസി ഇബസുകൾ നൽകുന്നതിന് കരാർ നൽകിയതായി ബിഎംടിസി അധികൃതർ പറഞ്ഞു. 2021 ജൂൺ മുതൽ ഘട്ടം ഘട്ടമായി ബസുകൾ വിന്യസിക്കാനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാൽ ഇതു നീട്ടിവയ്‌ക്കേണ്ടി വന്നു. പ്രധാന ഡിപ്പോകളിലും സ്‌റ്റേഷനുകളിലും ചാർജിംഗ് സംവിധാനം സ്ഥാപിക്കും. ബസ് കമ്പനികളുമായി ബിഎംടിസി 12 വർഷത്തെ കരാറിലാണ് ഏർപ്പെട്ടിട്ടുള്ളത്.
അടുത്ത ഘട്ടത്തിൽ 300 നോൺഎസി ഇലക്ട്രിക് ബസുകൾ നൽകുന്നതിന് അശോക് ലെയ്‌ലാൻഡിന് കരാർ നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനെ തുടർന്നാണ് അശോകിന് കരാർ ലഭിച്ചത്. അതേ സമയം കർണാടക ആർടിസിയ്ക്ക് എസി ഇലക്ട്രിക് ബസുകൾ വാങ്ങാൻ പദ്ധതിയുണ്ട്.