ബെംഗളൂരു: നഗരത്തിൽ സ്ത്രീകൾക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങൾ വർധിക്കുമ്പോൾ സുരക്ഷയ്ക്ക് കരങ്ങൾ നീട്ടുകയാണ് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). സ്ത്രീ സുരക്ഷക്കുള്ള നിരവധി മാർഗങ്ങളാണ് ബിഎംടിസി ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ഈ മാസം അഞ്ചിന് ബസ് യാത്രക്കാരിയോട് ഒരു വയോധികൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ഇരയായ സ്ത്രീ പരാതിയുമായി മുന്നോട്ടു പോയില്ലെങ്കിലും ബിഎംടിസി സ്വമേധയാ നിയമനടപടിയിലേക്ക് നീങ്ങി. അതോടൊപ്പം സ്ത്രീസുരക്ഷക്കായി ഏർപ്പെടുത്തിയിരിക്കുന്ന മാർഗങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കുകയുംചെയ്തു.
കേസുകൾ പെരുകുന്നതായി കണക്കുകൾ : ബെംഗളൂരുവിൽ സ്ത്രീകൾക്കുനേരെയുളള ലൈംഗികാതിക്രമക്കേസുകൾ വർധിക്കുന്നതായി കണക്കുകൾ. നാലു വർഷം കൊണ്ട് ഇരട്ടിയിലധികമായെന്നാണ് പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്. 2021-ൽ 571 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024-ൽ 1,250 കേസുകളായി. 2022-ൽ 731 കേസുകളും 2023-ൽ 1,139 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. അത്രിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചതാണ് കേസുകൾ കൂടാൻ കാരണമെന്ന് പോലീസ് പറയുന്നു.
സിസിടിവി ക്യാമറകൾ നഗരത്തിന്റെ മുക്കിനും മൂലയിലും കൺതുറന്നിരിക്കുന്നത് അതിക്രമങ്ങൾ പുറത്തുവരാൻ കാരണമാകുന്നു. ശക്തമായ പോലീസ് പട്രോളിങ് നിലവിലുള്ളതും അതിക്രമങ്ങൾക്കിടയാകുന്നവർക്ക് പോലീസ് സഹായത്തോടെ നിയമനടപടിയിലേക്ക് പോകാൻ സാധ്യതയൊരുക്കുന്നു.
അതിക്രമങ്ങൾ തടയാനുളള മാർഗങ്ങൾ : ബസുകളിൽ പാനിക് ബട്ടൺ : അതിക്രമങ്ങളും കൈയേറ്റവുമുണ്ടാകുമ്പോൾ പോലീസ് സഹായം വേഗത്തിൽ ലഭ്യമാക്കാൻ ബിഎംടിസി ബസുകളിൽ പാനിക് ബട്ടൺ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അമർത്തിയാൽ അപകടസന്ദേശം ബിഎംടിസി. സുരക്ഷാ സംവിധാനംവഴി പോലീസിന് ലഭിക്കും. ബസ് ഏതാണെന്ന് തിരിച്ചറിഞ്ഞ് പോലീസ് ഉടൻ ബസിലെത്തിച്ചേർന്ന് അക്രമികളെ കീഴ്പെടുത്തും. ചില ബസുകളിൽ 12 പാനിക് ബ്ട്ടണുകൾ വരെ സ്ഥാപിച്ചിട്ടുണ്ട്.
•നമ്മ ബിഎംടിസി ആപ്പ്ബിഎംടിസി ഏർപ്പെടുത്തിയിട്ടുള്ള നമ്മ ബിഎംടിസി ആപ്പുവഴിയും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാം.
•സിസിടിവി നിരീക്ഷണം : എല്ലാ ബസുകളിലും സിസിടിവി ക്യാമറകളുടെ നിരീക്ഷണമുണ്ട്. ജിപിഎസ് ട്രാക്കിങ് സിസ്റ്റവും വനിതകളുടെ സുരക്ഷക്ക് സഹായകരമാണ്
•ജീവനക്കാർക്ക് പരിശീലനം : ബസുകളിൽ സത്രീകൾക്കുനേരേ അതിക്രമമോ മോശം പെരുമാറ്റമോ ഉണ്ടാകുമ്പോൾ ഫലപ്രദമായി ഇടപെടാൻ ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്
•നിർഭയ ലോഞ്ചുകൾ : പ്രധാന ബിഎംടിസി ബസ് ടെർമിനലുകളിലെല്ലാം സ്ത്രീ സുരക്ഷ മുൻനിർത്തി നിർഭയ ലോഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.
•കൺട്രോൾ റൂം : സ്ത്രീസുരക്ഷ മുൻനിർത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബിഎംടിസി തുടങ്ങിയിട്ടുണ്ട്. 080 22483777 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്. കന്നഡയിലും ഇംഗ്ലീഷിലും ഇതിൽ വിവരങ്ങൾ കൈമാറാം.
•*സാരഥി പട്രോൾ വാഹനം :ബിഎംടിസി പത്ത് സാരഥി പട്രോൾ വാഹനങ്ങൾ നിരത്തിലിറക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ മുൻ നിർത്തിയാണിത്. വിവരം ലഭിച്ചാലുടൻ വാഹനം എത്തേണ്ടിടത്തെത്തും