ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ പാർക്കിംഗിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ പാർക്കിംഗ് ലോട്ടുകളുടെ നടത്തിപ്പുകാർക്ക് കർശന താക്കീത് നൽകി ബിഎംആർസിഎൽ. ബിഎംആർസിഎൽ നിശ്ചയിച്ച നിരക്കിനെക്കാൾ മൂന്നിരട്ടി അധികമാണ് നടത്തിപ്പുകാർ പാർക്കിംഗ് ഫീസായി ജനങ്ങളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്നാണിത്.
എല്ലാ മെട്രോ പാർക്കിംഗ് ലോട്ടുകളിലും ഫീസ് നിരക്ക് കൃത്യമായി പ്രദർശിപ്പിക്കണമെന്നും അധിക നിരക്ക് ഈടാക്കരുതെന്നും ഓപ്പറേറ്റർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബിഎംആർസിഎൽ ചീഫ് പിആർഒ ബി.എൽ.യശ്വന്ത് ചവാൻ പറഞ്ഞു. വൈറ്റ്ഫീൽഡ് അടക്കമുള്ള മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സ്ഥലങ്ങളിൽ നടത്തിപ്പുകാർ കൊള്ള നിരക്ക് ഈടാക്കുന്നുണ്ട്.
ബിഎംആർസിഎൽ നിശ്ചയിച്ച നിരക്ക് പ്രകാരം ഇരുചക്രവാഹനങ്ങൾക്ക് ആദ്യ നാല് മണിക്കൂറിന് 15 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിലും 5 രൂപയും മാത്രമാണ് അധികമായി ഈടാക്കുക. ഒരു ദിവസം മുഴുവൻ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിന് പരമാവധി 30 രൂപ വരെയാണ് ചാർജ് ഈടാക്കുക. കാറുകൾക്ക് ആദ്യ നാല് മണിക്കൂറിന് 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ് ഈടാക്കുന്നത്. കാർ പാർക്കിങ്ങിന് ഒരു ദിവസത്തേക്ക് പരമാവധി 60 രൂപയാണ് ഫീസ്.
എന്നാൽ നിലവിൽ മെട്രോ പാർക്കിംഗ് സ്റ്റേഷനുകളിൽ നിശ്ചയിച്ച തുകയേക്കാൾ ഇരട്ടിയാണ് ഓപ്പറേറ്റർമാർ ഈടാക്കുന്നത്. മെട്രോ സ്റ്റേഷനിൽ ഒരു ദിവസത്തേക്ക് പാർക്കിംഗ് ഫീസ് ഇനത്തിൽ 40 രൂപയ്ക്ക് പകരം 150 രൂപയാണ് ആവശ്യപ്പെട്ടതെന്ന് ആരോപിച്ച് ഒരു യാത്രക്കാരൻ ബിഎംആർസിഎല്ലിന് ഹെൽപ്പ്ലൈനിൽ പരാതി നൽകിയിരുന്നു. ഇത് പരിഹരിച്ചതായി ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.
അധിക പാർക്കിംഗ് ഫീസ് ഓപ്പറേറ്റർമാർ ആവശ്യപ്പെടുമ്പോൾ പരാതികൾ രജിസ്റ്റർ ചെയ്യാൻ മെട്രോ യാത്രക്കാരോട് തയ്യാറാകണമെന്നും ബിഎംആർസിഎൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.