Home Featured ബെംഗളൂരു : മെട്രോ ട്രെയിനുകളിൽ മോഷണം കൂടുന്നു ; ജാഗ്രത നിർദേശവുമായി ബിഎംആർസി

ബെംഗളൂരു : മെട്രോ ട്രെയിനുകളിൽ മോഷണം കൂടുന്നു ; ജാഗ്രത നിർദേശവുമായി ബിഎംആർസി

by admin

ബെംഗളൂരു ∙ മെട്രോ ട്രെയിനുകളിൽ മോഷണം കൂടിയതോടെ ജാഗ്രത നിർദേശവുമായി ബിഎംആർസി രംഗത്തെത്തി. സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും സിസിടിവിയും ജീവനക്കാരും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും കവർച്ച കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മൊബൈൽ ഫോണുകളാണ് കൂടുതലായി മോഷ്ടിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമാണു കൂടുതൽ കവർച്ചകളും. ഐപിഎൽ ക്രിക്കറ്റ് മത്സരം നടന്ന ദിവസം, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലെ തിരക്കിനിടെ യാത്രക്കാരിൽനിന്ന് കവർന്ന 8 മൊബൈൽ ഫോണുകളുമായി 2 പേരെ അറസ്റ്റ് ചെയ്തു.

ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരനും പിടിയിലായവരിലുണ്ട്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനായാണ് കുട്ടികളെ ഉൾപ്പെടെ മോഷണസംഘം രംഗത്തിറക്കിയിട്ടുള്ളതെന്നു പൊലീസ് അറിയിച്ചു.സ്റ്റേഷൻ ചുമതലയുള്ള കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് നടത്തിയ പരിശോധനയിലാണു ഫോണുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിൽ യാത്രക്കാരന്റെ പോക്കറ്റിൽനിന്ന് ഫോൺ മോഷ്ടിച്ച യുവാവിനെ സുരക്ഷാ ജീവനക്കാരി പിടികൂടിയിരുന്നു.

കൂടുതൽ ഹ്രസ്വദൂര ട്രെയിനുകൾ വേണം : തിരക്കേറിയ സമയങ്ങളിൽ മെട്രോ പാതയിൽ കൂടുതൽ ഹ്രസ്വദൂര ട്രെയിനുകൾ (ഷോർട്ട് ലൂപ്) ഓടിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ 5–15 മിനിറ്റ് ഇടവേളകളിലാണു ട്രെയിൻ സർവീസുള്ളത്. ക്രിക്കറ്റ് മത്സരം ഉൾപ്പെടെയുള്ള ദിവസങ്ങളിൽ സ്റ്റേഷനിലെ തിരക്കുകാരണം പലർക്കും ട്രെയിനിൽ കയറാൻ പോലും കഴിഞ്ഞില്ല. പരിധിയിൽ കൂടുതൽപേർ എത്തുന്നതോടെ, ജീവനക്കാരും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ കുഴയുകയാണ്.നിലവിൽ, പർപ്പിൾ ലൈനിൽ മജസ്റ്റിക്– ബയ്യപ്പനഹള്ളി, വൈറ്റ്ഫീൽഡ്– ബയ്യപ്പനഹള്ളി എന്നീ റൂട്ടുകളിലാണു ഹ്രസ്വദൂര ട്രെയിനുകൾ ഓടിക്കുന്നത്.

അതിനിടെ, കൂടുതൽ തിരക്കുള്ള മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ക്യൂ സംവിധാനം ഫലം കാണുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷം കടന്നെങ്കിലും ആവശ്യത്തിനു ട്രെയിനുകൾ ഇല്ലാത്തതു പ്രതിസന്ധിയാണ്. ഈ വർഷം പുതിയ ട്രെയിനുകൾ വരുന്നതോടെ ഇടവേള കുറച്ച് കൂടുതൽ സർവീസ് നടത്താൻ സാധിക്കുമെന്നാണ് ബിഎംആർസി അധികൃതർ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group