റയാൻ കൂഗ്ലറുടെ വരാനിരിക്കുന്ന ‘ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവറി’ന്റെ(Black Panther: Wakanda Forever) ആദ്യ ടീസർ പുറത്തിറങ്ങി. സാൻ ഡീഗോ കോമിക് കോൺ വേദിയിൽ വച്ചായിരുന്നു ടീസർ പുറത്തുവിട്ടത്. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ ചാഡ്‌വിക്ക് ബോസ്മാന്റെ വേർപാടിന്റെ ശൂന്യതയും സങ്കടവും ടീസർ ഉചിതമായി ചിത്രീകരിക്കുന്നുണ്ട്.
ടീസറിൽ പുതിയ നായകനെ പറ്റി പറയുന്നുണ്ടെങ്കിലും,അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ഇത് ഷൂറിയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ബ്ലാക്ക് പാന്തർ 2 നവംബർ 11-ന് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. റയാൻ കൂഗ്ലറും ജോ റോബർട്ട് കോളുമായി ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
നകിയയായി ലുപിറ്റ ന്യോങ്കോ, ഒക്കോയിയായി ദനായി ഗുരിര, റമോണ്ടയായി ഏഞ്ചല ബാസെറ്റ്, എവററ്റ് കെ റോസായി മാർട്ടിൻ ഫ്രീമാൻ, ഷൂരിയായി ലെറ്റിഷ്യ റൈറ്റ്, എംബാക്കു ആയി വിൻസ്റ്റൺ ഡ്യൂക്ക് എന്നിവരുൾപ്പെടെ പ്രധാന അഭിനേതാക്കളിൽ ഭൂരിഭാഗം അഭിനേതാക്കളും വഗാണ്ട ഫോർ എവറി’ൽ ഉണ്ടാകും.
2020 ഓഗസ്റ്റ് 29ന് ആയിരുന്നു ചാഡ്വിക് ബോസ്മൻ അന്തരിച്ചത്. അർബുദ ബാധയെത്തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെത്തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ബോസ്മൻ ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി.
നഞ്ചമ്മയെ പിന്തുണച്ച് ബിജിബാൽ
ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന് പിന്നാലെ നഞ്ചമ്മക്ക് എതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ബിജിബാൽ. ‘ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്’ എന്ന് നഞ്ചിയമ്മയുടെ രേഖാചിത്രം പങ്കുവച്ച് ബിജിബാൽ കുറിച്ചു. സംഗീതത്തിലെ ശുദ്ധി എന്താണെന്ന് ബിജിബാൽ ചോദ്യമുയർത്തി.
ഗായകൻ ലിനു ലാല്‍ നഞ്ചമ്മയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. പിന്നാലെ അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ തുടങ്ങി നിരവധി പേർ നഞ്ചമ്മയെ പിന്തുണച്ച് രംഗത്തെത്തി.