Home Featured വൈദ്യുതിനിരക്ക് വർധന : വ്യവസായികളുടെ ബന്ദിന് ബി.ജെ.പി. പിന്തുണ

വൈദ്യുതിനിരക്ക് വർധന : വ്യവസായികളുടെ ബന്ദിന് ബി.ജെ.പി. പിന്തുണ

by admin

ബെംഗളൂരു: വൈദ്യുതിനിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വ്യാഴാഴ്ച നടത്താനിരിക്കുന്ന ബന്ദിന് ബി.ജെ.പി.യുടെ പിന്തുണ. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് വ്യാപാരി- വ്യവസായികൾ നടത്തുന്ന ബന്ദിന് പിന്തുണ നൽകി രംഗത്തെത്തിയത്.

സിദ്ധരാമയ്യസർക്കാർ ജനദ്രോഹപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യവസായികളും സാധാരണക്കാരും ഇതിന്റെ ഫലമനുഭവിച്ചുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിദ്ധരാമയ്യ സർക്കാരല്ല മുൻ ബി.ജെ.പി. സർക്കാരിന്റെ കാലത്താണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർധിപ്പിച്ചതെന്നും ബി.ജെ.പി.യുടെ പുതിയ നിലപാട് അപഹാസ്യമാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരക്ക് വർധനയിൽ നിലവിലെ സർക്കാരിന് പങ്കില്ലെന്നും വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. ഓരോവർഷവും വൈദ്യുതിലഭ്യതയും വിതരണച്ചെലവും അടിസ്ഥാനമാക്കി റെഗുലേറ്ററി കമ്മിഷണനാണ് നിരക്ക് നിശ്ചയിക്കുന്നത്.

ഇതനുസരിച്ച് കഴിഞ്ഞമാർച്ചിൽ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തിരഞ്ഞെടുപ്പിനുശേഷമാണ് നിരക്ക് വർധന പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് വക്താക്കൾ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദ് നടത്താനാണ് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ തീരുമാനം. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനാൽ ജൂണിൽ വലിയതുകയുടെ ബില്ലാണ് ലഭിച്ചിരിക്കുന്നതെന്നും കനത്ത സാമ്പത്തികബാധ്യതയാണ് വ്യവസായികൾക്കുണ്ടായിരിക്കുന്നതെന്നുമാണ് സംഘടന ആരോപിക്കുന്നത്.

വീണ്ടും ഫുട്‌ബോൾ ആരവത്തിനൊരുങ്ങി ബെംഗളൂരു നഗരം

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന് (ഐ.എസ്.എൽ.) ശേഷം ബെംഗളൂരുവിൽ വീണ്ടും കാൽപ്പന്തുകളിയാരവത്തിന് അരങ്ങൊരുങ്ങുന്നു. ഇനിയുള്ള രണ്ടാഴ്ചക്കാലം എട്ടുരാജ്യങ്ങൾ പങ്കെടുക്കുന്ന സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (സാഫ്) ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് നഗരം സാക്ഷ്യം വഹിക്കുകയാണ്.

കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകീട്ട് 3.30-നും രാത്രി 7.30-നുമാണ് മത്സരങ്ങൾ. ഏറെ നാളുകൾക്കുശേഷമാണ് കണ്ഠീരവ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം നടക്കുന്നത്. അതിനാൽ ആവേശത്തിലാണ് ഫുട്‌ബോൾ പ്രേമികൾ.

ഇന്ത്യൻ ടീമിന് പിന്തുണയറിയിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും സ്റ്റേഡിയത്തിലുണ്ടാകും. നോർത്ത് അപ്പർ സ്റ്റാൻഡിലാകും ആരാധകർ ഉണ്ടാവുക. ബെംഗളൂരു എഫ്.സി. യുടെ ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് അംഗങ്ങൾ ഇന്ത്യൻ ടീമിന് പിന്തുണയറിയിച്ച് 3,300 ചതരുശ്രയടി വലിപ്പമുള്ള ബാനർ തയ്യാറാക്കിയിട്ടുണ്ട്. ബെംഗളൂരു എഫ്.സി.യുടെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്.

ഐ.എസ്.എൽ. നടക്കുമ്പോഴുള്ള അത്രയും ആരാധകരുടെ തിരക്കില്ലെങ്കിലും മികച്ചമത്സരം കാണാനാകുമെന്നതിനാൽ ടിക്കറ്റുകൾ വിറ്റുപോകുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന ഇന്ത്യയും പാകിസ്താനുമായുള്ള മത്സരത്തിനാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. ഇന്ത്യക്കുപുറമേ പാകിസ്താൻ, നേപ്പാൾ, കുവൈറ്റ്, ലെബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇന്ത്യയിൽ നാലാം തവണയാണ് സാഫ് ഫുട്‌ബോൾ നടക്കുന്നതെങ്കിലും ബെംഗളൂരു ആദ്യമായിട്ടാണ് സാഫ് ഫുട്‌ബോളിന് വേദിയാകുന്നത്. പാകിസ്താൻ മത്സരിക്കുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

You may also like

error: Content is protected !!
Join Our WhatsApp Group