
ന്യൂഡല്‍ഹി : ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പര്‍വേശ് വര്‍മ. നവംബര്‍ 14ല്‍ നിന്ന് സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കള്‍ രക്തസാക്ഷികളായ ഡിസംബര്‍ 26ലേക്ക് ശിശുദിനം മാറ്റണമെന്നാണ് ആവശ്യം. “സ്വന്തം മതത്തിന്റെ വേണ്ടി ജീവന് ത്യജിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കളുടെയും പേരിലാണ് ശിശുദിനം അറിയപ്പെടേണ്ടത്. സാഹിബ്സാദ സൊറാവര്‍ സിങ്, സാഹിബ്സാദ ഫതേഹ് സിങ് എന്നിവര്‍ക്ക് അവരുടെ രക്തസാക്ഷിദിനത്തില്‍ ആദരം രേഖപ്പെടുത്തുന്നു.” പര്‍വേശ് ട്വീറ്റ് ചെയ്തു.
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയായ പര്‍വേശിന്റെ അഭിപ്രായപ്രകടനം. നവംബര്‍ 14ന് മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് രാജ്യത്ത് ശിശുദിനമായി കൊണ്ടാടുന്നത്. എന്നാല്‍ ഒരു കുടുംബത്തിന്റെ പേരില്‍ ശിശുദിനമാചരിക്കുന്നത് തികഞ്ഞ രാഷ്ട്രീയമാണെന്നും ഇതിന് മാറ്റം വേണമെന്നുമാണ് പര്‍വേശിന്റെ ആവശ്യം. വിഷയം താന്‍ മുമ്പും ഉന്നയിച്ചതാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പര്‍വേശ് അറിയിച്ചു. നവംബര്‍ 14 ശിശുദിനമായി ആചരിക്കുന്നതിന് പകരം ചാച്ചാ ദിവസ് അഥവാ അങ്കിള്‍സ് ഡേ ആയി ആചരിക്കാമെന്നായിരുന്നു പര്‍വേശ് 2018ല്‍ അഭിപ്രായമുന്നയിച്ചിരുന്നത്.