ബംഗളൂരു: വിജയനഗര കുട്‍ലിഗിയിലെ ബി.ജെ.പി എം.എല്‍.എ ഗോപാലകൃഷ്ണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭാംഗത്വം രാജിവെച്ച അദ്ദേഹം തിങ്കളാഴ്ച കോണ്‍ഗ്രസ് ഓഫിസില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ.
ശിവകുമാറില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിന് അനുകൂലമായ പൊതുവികാരമാണുള്ളതെന്നും തെരഞ്ഞെടുപ്പിന് മുമ്ബായി നിരവധി ബി.ജെ.പി, ജെ.ഡി-എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ശിവകുമാര്‍ പറഞ്ഞു.
ആറുതവണ എം.എല്‍.എയായ ഗോപാലകൃഷ്ണ മുമ്ബ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിത്രദുര്‍ഗയിലെ മൊളകാല്‍മുരുവില്‍നിന്ന് നാലുതവണയും ബെള്ളാരിയില്‍നിന്ന് ഒരുതവണയും എം.എല്‍.എയായിട്ടുണ്ട്. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെ ബി.ജെ.പിയില്‍ ചേക്കേറിയ അദ്ദേഹം കുട്‍ലിഗിയില്‍നിന്ന് വിജയിച്ചു.
കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവെച്ച ജെ.ഡി-എസ് നേതാവ് ശിവലിംഗ ഗൗഡയും ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ശിവകുമാര്‍ സൂചിപ്പിച്ചു. നിയമനിര്‍മാണ കൗണ്‍സില്‍ അംഗത്വം രാജിവെച്ച ബി.ജെ.പി നേതാക്കളായ പുട്ടണ്ണയും ബാബുറാവു ചിഞ്ചാന്‍സൂറും കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുകയാണ്. മാര്‍ച്ച് 27ന് നിയമസഭാംഗത്വം രാജിവെച്ച ജെ.ഡി-എസിന്റെ ഗുബ്ബി എം.എല്‍.എ എസ്.ആര്‍. ശ്രീനിവാസ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
‘ഇരട്ട എന്‍ജിന്‍ സര്‍ക്കാറിന്റെ’ പരാജയം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ജനവികാരം കോണ്‍ഗ്രസിന് അനുകൂലമാക്കിയതെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് നിരവധിപേര്‍ വരാന്‍ തയാറായിട്ടുണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കുമെന്ന് പറഞ്ഞിട്ടില്ല. എല്ലാ പേരും പരിശോധിക്കും. യോഗ്യരായവരെ മത്സരിപ്പിക്കും. ചില നേതാക്കള്‍ നിരുപാധികം കോണ്‍ഗ്രസില്‍ ചേരുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞു: ഡികെ ശിവകുമാറിനെതിരെ കേസ്
മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്.
സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ മാണ്ഡ്യ റൂറല്‍ സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ബേവിനഹള്ളിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബസിനു മുകളില്‍ നിന്ന് ശിവകുമാര്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയുന്ന വീഡിയോ വൈറലായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രജാധ്വനി യാത്ര നടത്തുകയായിരുന്നു ശിവകുമാര്‍. റാലിയില്‍ പങ്കെടുക്കുന്ന ആളുകള്‍ തലയില്‍ ചുമക്കുന്ന ഒരു ദൈവത്തിന്റെ വിഗ്രഹത്തിന് പണം നല്‍കുകയായിരുന്നു എന്ന ന്യായമാണ് സംഭവം വിവാദമായതോടെ ശിവകുമാര്‍ ഉയര്‍ത്തിയത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്ബായിരുന്നു സംഭവം. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ഡികെ ശിവകുമാര്‍ കനകപുര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. മെയ് 10 ന് ആണ് കര്‍ണാടക തിരഞ്ഞെടുപ്പ്. മെയ് 13 ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.