ബംഗളൂരു: കുപ്രസിദ്ധ ക്രിമിനലിനെ സംഘംചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ബിക്ളു ശിവ എന്ന ശിവപ്രകാശ് (44) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ബംഗളൂരുവിലെ ഹലാസുരു തടാകത്തിന് സമീപത്താണ് അരുംകൊല നടന്നത്. വസ്തുതർക്കമാണ് കൊലയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാട്ടി ബിജെപി നേതാവും കെആർ പുര എംഎൽഎയുമായ ബൈരാതി ബസവരാജ് ഉൾപ്പെടെയുള്ളവർക്കെതിരെ ശിവപ്രകാശിന്റെ അമ്മ വിജയലക്ഷ്മി പരാതി നൽകി.ഹെർമിറ്റ് കോളനിയിലെ മീനി അവന്യൂ റോഡിലാണ് ശിവപ്രകാശ് താമസിച്ചിരുന്നത്.
ഇയാൾക്കെതിരെ ഭാരതി നഗർ പൊലീസ് സ്റ്റേഷനിൽ 11 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ രാത്രി 8.10ന് സ്വന്തം വീട്ടിൽ നിന്ന് കുറച്ച് മീറ്ററുകൾ മാത്രം അകലെയുള്ള ഒരു ഹോട്ടലിന് മുന്നിൽ വച്ചാണ് ശിവ ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഇമ്രാൻ ഖാൻ, സുഹൃത്ത് ലോകേഷ് എന്നിവരോടൊപ്പം സംസാരിച്ചുനിൽക്കവേയായിരുന്നു ആക്രമണമുണ്ടായത്. അതിക്രൂരമായാണ് ശിവയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തലയോട്ടി കഷ്ണങ്ങളായി തകർന്നു, മുഖം തിരിച്ചറിയാനാവാത്ത വിധമായെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി.
ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.ഭൂമി തർക്കത്തിന്റെ പേരിൽ ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നതായാണ് ശിവപ്രകാശിന്റെ അമ്മ പരാതിയിൽ പറയുന്നത്. കിതാഗനൂർ ഗ്രാമത്തിലുള്ള ഒരു ഭൂമിയുടെ പേരിലായിരുന്നു തർക്കം. 2023ലാണ് ശിവപ്രകാശ് വസ്തു വാങ്ങിയത്. ജനറൽ പവർ ഒഫ് അറ്റോർണിയും ശിവയായിരുന്നു. ഭൂമിയിൽ ഒരു ഷെഡ് കെട്ടി രണ്ട് സ്ത്രീകളെ സെക്യൂരിറ്റിമാരായും നിയമിച്ചിരുന്നു. പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള ജഗദീഷ്, കിരൺ എന്നിവർ ഈ സ്ത്രീകളെ അവിടെനിന്ന് പറഞ്ഞുവിടുകയും പവർ ഒഫ് അറ്റോർണി ജഗദീഷിന്റെ പേരിലാക്കണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത് അംഗീകരിച്ചില്ലെങ്കിൽ വെറുതെ വിടില്ലെന്ന് ജഗദീഷ് ശിവപ്രകാശിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.സംഭവദിവസം രാത്രി ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഏഴെട്ടുപേർ മകനെ മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുന്നത് കണ്ടു. ശിവ പ്രകാശിന്റെ ഡ്രൈവർ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സുഹൃത്ത് ലോകേഷ് ആക്രമണം മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ആക്രമണശേഷം പ്രതികൾ എസ്യുവികളിലും ബൈക്കുകളിലുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ബിജെപി എംഎൽഎയെ അഞ്ചാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. സിസിടിവികൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.