Home Featured കര്‍ണാടകയില്‍ 16 മാസത്തിനിടെ നടന്നത് 981 കര്‍ഷക ആത്മഹത്യകള്‍; പരസ്പരം പഴിചാരി ബിജെപിയും കോണ്‍ഗ്രസും

കര്‍ണാടകയില്‍ 16 മാസത്തിനിടെ നടന്നത് 981 കര്‍ഷക ആത്മഹത്യകള്‍; പരസ്പരം പഴിചാരി ബിജെപിയും കോണ്‍ഗ്രസും

by admin

2024 നും 2025 ന്റെ ഇടയില്‍ കർണാടകയില്‍ 981 കർഷക ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗിക കണക്കുകള്‍.അതേസമയം ഈ കണക്കുകള്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളില്‍ 825 എണ്ണം കാർഷികപരമായ കാരണങ്ങളാലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാല്‍ 138 കേസുകളില്‍ ആത്മഹത്യക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണെന്നാണ് കണ്ടെത്തല്‍. ആത്മഹത്യ ചെയ്ത കർഷകരുടെ 807 കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ ഇതിനോടകം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്.

എന്നാല്‍, 18 കേസുകളില്‍ നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ട്.കർഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത് ഹാവേരി ജില്ലയിലാണ്. 128 കേസുകള്‍ ആണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മൈസൂരുവില്‍ 73, ധാർവാഡില്‍ 72, ബെലഗാവിയില്‍ 71 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. അതേസമയം, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, ഉഡുപ്പി, കോലാർ എന്നിവിടങ്ങളില്‍ നിന്ന് ഈ കാലയളവില്‍ കർഷക ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം കർഷകരുടെ ദുരിതത്തിന് കോണ്‍ഗ്രസ് സർക്കാരിന്റെ “അവഗണനയാണ്” കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര രൂക്ഷമായി വിമർശിച്ചു.

മുൻ ബിജെപി സർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് പുറമെ 4,000 രൂപ കൂടി അധിക സഹായം നല്‍കിയിരുന്നുവെന്നും, അത് 52 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ റിസ്വാൻ അർഷാദ് രംഗത്തെത്തി. “981 കർഷകർ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ബിജെപിയും വിജയേന്ദ്രയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്,” അർഷാദ് പറഞ്ഞു. കീടനാശിനികളുടെ ക്ഷാമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാർ ഇതിനോടകം കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി എംഎസ്പി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും അതില്‍ പുരോഗതിയില്ലാത്തതിന് അർഷാദ് കേന്ദ്ര സർക്കാരിനെ വിമർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group