കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിനിടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ മംഗളുരു, മൂടുഷെഡ്ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മംഗളൂരു പോലീസ് കമ്മീഷണറുടെതാണ് ഉത്തരവ്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. ഒപ്പം മൂടുഷെഡ്ഡില്‍ ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിഥുന്‍ റായിയുടെ സന്ദര്‍ശനത്തിനിടെയാണ് ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
ബിജെപി അധികാരത്തില്‍ വരും, എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബസവരാജ് ബൊമ്മെ
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അടുത്ത മത്സരമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി, ഭരണകക്ഷിയായ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ എക്‌സിറ്റ് പോളുകളാണ്. അവ നൂറ് ശതമാനം ശരിയാകില്ല. എല്ലാ എക്‌സിറ്റ് പോളുകളിലും പ്ലസ് അല്ലെങ്കില്‍ മൈനസ് അഞ്ച് ശതമാനം ഉണ്ടാകും. അത് മുഴുവന്‍ സാഹചര്യത്തെയും മാറ്റുമെന്നും ബൊമ്മൈ പറഞ്ഞു. താഴെതട്ടില്‍നിന്നുള്ള ഞങ്ങളുടെ വിവരങ്ങള്‍ വളരെ വ്യക്തമാണെന്നും ഞങ്ങള്‍ക്ക് നൂറ് ശതമാനം ഭൂരിപക്ഷം ലഭിക്കുമെന്നും ബൊമ്മെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉയര്‍ന്ന വോട്ടിംഗ് ശതമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, ഇത് മറിച്ചാണെന്നും ബൊമ്മെയി പറഞ്ഞു.