ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍. രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോയി. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെയും ബിനീഷ് കോടിയേരിയുടെ മൊഴികള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ടാം തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. രാവിലെ മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്തുവരികയായിരുന്നു.
ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ബംഗളൂരിവിലെ സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി എത്തിയത്. ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളാണ് മുഖ്യമായി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് വിവിധ ഇടപാടുകളിലായി ലക്ഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ സ്രോതസ് തേടിയുളള അന്വേഷണത്തിലാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായാണ് അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കിയ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.