ബെംഗളൂരു : ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളായ ഒല, ഉബർ, റാപ്പിഡോ എന്നിവയുടെ ബൈക്ക് ടാക്സസികൾക്ക് ജൂൺ 15 വരെ സർവീസ് തുടരാൻ അനുമതിനൽകി ഹൈക്കോടതി.ബൈക്ക് ടാക്സസി സർവീസുകൾ നിർത്തലാക്കാൻ ഈ മാസംരണ്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറുമാസത്തിനുള്ളിൽ സർവീസ് നിർത്താൻ ഒല, ഉബർ, റാപ്പിഡോ എന്നിവക്ക് കോടതി നിർദേശം നൽകുകയായിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിൽ, സർവീസ് തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റാപ്പിഡോയുടെ മാതൃകമ്പനിയായ റോപ്പീൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എഎൻഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഇടക്കാല ഹർജി അനുവദിച്ച് ജസ്റ്റിസ് ബി.എം.ശ്യാമപ്രസാദിന്റേതാണ് പുതിയ ഉത്തരവ്.ബൈക്ക് ടാക്സികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾക്ക് സർക്കാർ രൂപംനൽകാതെ സർവീസുകൾ അനുവദിക്കാനാവില്ലെന്നായിരുന്നു ഏപ്രിൽ രണ്ടിലെ ഉത്തരവിൽ കോടതി പറഞ്ഞത്.
1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് ബൈക്ക് ടാക്സികൾക്കുള്ള മാർഗനിർദേശങ്ങൾക്ക് മൂന്ന് മാസത്തിനുള്ളിൽ രൂപംനൽകാൻ സർക്കാരിന് കോടതി നിർദേശം നൽകുകയുംചെയ്‌തിരുന്നു. കൃത്യമായ മാർഗനിർദേശ ചട്ടക്കൂടിന് രൂപം നൽകാതെ മോട്ടോർ സൈക്കിളുകളെ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്യാനോ ചരക്ക് ഗതാഗതത്തിന് അനുമതിനൽകാനോ കഴിയില്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്.ബൈക്ക് ടാക്സസികൾ നിയമവിരുദ്ധമാണെന്നും ഇരുചക്രവാഹനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നും കേസിൽ വാദത്തിനിടെ സംസ്ഥാന സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
അതിനിടെ, ബൈക്ക് ടാക്സി സർവീസുകൾക്കുള്ള നിരോധനം നീക്കണമെന്ന് അടുത്തിടെ ബെംഗളൂരുവിലെ വനിതാ ബൈക്ക് ടാക്സി ഡ്രൈവർമാർ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു.