ബിഗ് ബോസ് മലയാളം സീസണ് ഏഴിന്റെ ടൈറ്റില്‍ ട്രോഫി അനുമോള്‍ക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര.ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത ‘കോമണർ’ എന്ന റെക്കോർഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്. ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസില്‍ നിന്നും മടങ്ങുന്നത്.ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പായി തിരിച്ചിറങ്ങിയ അനീഷിനെ കാത്ത് ആരാധകരുടെ നിറഞ്ഞ സ്നേഹം മാത്രമല്ല, വിലപ്പെട്ടതും ആകർഷകവുമായ നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു.
ബിഗ് ബോസിലെ അനീഷിന്റെ ശ്രദ്ധേയമായ പ്രകടനവും ജനപിന്തുണയും കണക്കിലെടുത്ത്, ഷോയുടെ പ്രധാന സ്പോണ്സർമാരില് ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും അനീഷിന് സമ്മാനമായി പ്രഖ്യാപിച്ചു.ഇപ്പോഴിതാ, ബിഗ് ബോസിന്റെ പ്രധാന സ്പോണ്‍സറായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് 10 ലക്ഷം രൂപ കൂടി അനീഷിന് സർപ്രൈസ് ഗിഫ്റ്റായി നല്‍കുകയാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി ജെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഫിനാലെ വേദിയില്‍ വച്ച്, സർപ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോള്‍ഡ് 7 (Galaxy Z fold 7 ) മൊബൈല്‍ ഫോണും അനീഷിന് ലഭിച്ചിരുന്നു.