ബെംഗളൂരു∙ തുടർച്ചയായ 2 അപകടങ്ങളെ തുടർന്ന് വൈദ്യുതി പോസ്റ്റുകളിൽ മറ്റും അലക്ഷ്യമായി വലിച്ചുകെട്ടിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുന്ന നടപടി ബെസ്കോം ഊർജിതമാക്കി. സ്വകാര്യ ടെലികോം കമ്പനികളുടെ ഇന്റർനെറ്റ് കേബിളുകൾ, കേബിൾ ടിവി ലൈനുകൾ എന്നിവയാണ് നീക്കം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എസ്ജി പാളയയിൽ കേബിൾ ലോറിയിൽ കുരുങ്ങി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു പിയു വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. 19നു ഓൾഡ് എയർപോർട്ട് റോഡിൽ ദേവരബീസനഹള്ളിയിൽ പൊട്ടിവീണ കേബിളിൽ നിന്ന് ഷോക്കേറ്റ് പൊള്ളലേറ്റിരുന്നു.
നഗരത്തിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിരുന്ന കേബിളുകൾ മാറ്റി സ്ഥാപിക്കണമെന്ന നേരത്തെ ബിബിഎംപിയും ട്രാഫിക് പൊലീസും നിർദേശം നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഫലം കണ്ടിരുന്നില്ല. പൊട്ടിക്കിടക്കുന്ന കേബിളുകളിൽ നിന്ന് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഷോക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കർശന നടപടി സ്വീകരിക്കാൻ ബെസ്കോം രംഗത്തെത്തിയത്. ഔട്ടർ റിങ് റോഡിൽ ഉൾപ്പെടെ കേബിളുകൾ മാറ്റി സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ കേബിളുകൾ നീക്കം ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബെസ്കോം അറിയിച്ചു.