പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് മോഹൻലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓണം റിലീസായി സെപ്തംബർ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.
ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാല്‍ വേഷമിടുന്നത്.