ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് രണ്ടാമത്തെ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതികളുമായി കർണാടക സർക്കാർ മുന്നോട്ട് പോകുമ്പോഴും ആശങ്കകൾ സജീവം. നഗരത്തിലെ പരിമിതമായ വ്യോമാതിർത്തിയാണ് ആശങ്കയാകുന്ന ഘടകം. കനകപുര റോഡിലെ ഹാരോഹള്ളിക്ക് സമീപമുള്ള 4,800 ഏക്കർ ഭൂമിയും സമീപത്തെ 5,000 ഏക്കറും നെലമംഗലത്തിനടുത്തുള്ള കുനിഗലിലെ 5,200 ഏക്കർ ഭൂമിയുമാണ് നിർദിഷ്ട വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടെത്തിയിരിക്കുന്നത് കണ്ടെത്തിയ ഈ മൂന്ന് സ്ഥലങ്ങളിലും “നിയന്ത്രിതമായ വ്യോമാതിർത്തി കാരണം വിമാന ഗതാഗതം നിയന്ത്രിക്കപ്പെടും” എന്ന സൂചനകളാണ് ആശങ്കയുണ്ടാക്കുന്നത്. ഈ പ്രദേശങ്ങളിലെ വ്യോമാതിർത്തി ഇതിനകം തന്നെ മറ്റ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) ബംഗളൂരുവിൻ്റെ ഏകദേശം പകുതിയോളം വ്യോമാതിർത്തിയുണ്ട്. ഇത് കോയമ്പത്തൂർ വരെ വ്യാപിച്ചു കിടക്കുന്നുണ്ട്. വടക്കുഭാഗത്ത്, യെലഹങ്കയിലെ വ്യോമസേനാ താവളത്തിൻ്റെ നിയന്ത്രണത്തിലാണ് വ്യോമാതിർത്തി. ഇത് ഹസ്സൻ വരെ നീളുന്നുണ്ട്. അതിനാൽ പുതിയ വിമാനത്താവളത്തിനായി പ്രത്യേകമായി ഒരു വ്യോമാതിർത്തി കണ്ടെത്തേണ്ടതുണ്ട്.