ബംഗളൂരു: നമ്മ മെട്രോ പർപ്ള്‍ ലൈനിലെ തിരക്ക് കണക്കിലെടുത്ത് മെജസ്റ്റികില്‍നിന്ന് അധിക സർവിസ് നടത്താൻ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എല്‍) തീരുമാനം.
ശനിയാഴ്ച മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരമാവും സർവിസ് എന്ന് ബി.എം.ആർ.സി.എല്‍ അറിയിച്ചു. നിലവില്‍ മെജസ്റ്റികില്‍നിന്ന് ഒമ്ബതു ട്രെയിനുകളാണ് സർവിസ് നടത്തുന്നത്.
ഇതിനുപകരം 15 ട്രെയിനുകള്‍ പർപ്ള്‍ ലൈനില്‍ സർവിസ് നടത്തും. ഇവയില്‍ 10 എണ്ണം പട്ടന്തൂരു അഗ്രഹാര (ഐ.ടി.പി.എല്‍) വരെയും നാലെണ്ണം വൈറ്റ്ഫീല്‍ഡ് വരെയും ഒരെണ്ണം ബൈയപ്പനഹള്ളി വരെയും സർവിസ് നടത്തും. മെജസ്റ്റികില്‍നിന്ന് രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10.00, 10.11,10.21, 10.39, 10.50, 11.00, 11.11, 11.22 എന്നീ സമയങ്ങളിലാണ് മെട്രോ ട്രെയിൻ പുറപ്പെടുക.
വിധാൻ സൗധ, എം.ജി റോഡ്, ബൈയപ്പനഹള്ളി, കെ.ആർ പുരം, വൈറ്റ്ഫീല്‍ഡ് അടക്കമുള്ള തിരക്കേറിയ സ്റ്റേഷനുകള്‍ പർപ്ള്‍ ലൈനിലാണെന്നതിനാലാണ് ഈ അധിക സർവിസ് ഏർപ്പെടുത്തുന്നത്. ഇതിനു പുറമെ ഈ റൂട്ടില്‍ രാവിലെ 10.25 വരെ ഓരോ മൂന്നു മിനിറ്റിലും പതിവു സർവിസുകളുമുണ്ടാകുമെന്ന് ബി.ആർ.ആർ.സി.എല്‍ അറിയിച്ചു.