ബെംഗളൂരു: നഗരവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ യെല്ലോ ലൈന് പിന്നാലെ പിങ്ക് ലൈനും പ്രവര്‍ത്തനക്ഷമമാവുകയാണ്.നമ്മ മെട്രോയുടെ 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പിങ്ക് ലൈനില്‍ അടുത്ത വര്‍ഷം മെയ് മാസത്തോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ് വരുന്നത്. കലേന അഗ്രഹാരയെയും നാഗവാരയെയും ബന്ധിപ്പിക്കുന്ന പിങ്ക് ലൈനില്‍ പാളങ്ങളുടെ പരിശോധന അതിവേഗം പുരോഗമിക്കുകയാണ്.ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. പിങ്ക് ലൈനിനായി ആദ്യ ഘട്ടത്തില്‍ നാല് ട്രെയിന്‍ സെറ്റുകളാണ് കൊണ്ടുവരുന്നത്. തുടര്‍ന്ന് കൂടുതല്‍ ട്രെയിനുകള്‍ കൊണ്ടുവരും. മെട്രോ ട്രെയിനുകള്‍ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും വായു മലിനീകരണവും ഗണ്യമായി കുറച്ചതായി അടുത്തിടെ ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.ഏറെ സവിശേഷതകളും സങ്കീര്‍ണതകളും നിറഞ്ഞതാണ് നമ്മ മെട്രോയിലെ പിങ്ക് ലൈന്‍ പദ്ധതി. കലേന അഗ്രഹാരയ്ക്കും താവരേക്കരെയ്ക്കും ഇടയിലുള്ള 2.5 കിലോമീറ്ററില്‍ ഉയരമുള്ള ഒരു ഭാഗമുണ്ട്. ഇതുകൂടാതെ 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയും ഉള്‍പ്പെടുന്നു. ബെംഗളൂരു മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഗര്‍ഭ പാതയാണിത്. അതിനാല്‍ നിര്‍മാണവും ഏറെ സങ്കീര്‍ണമായിരുന്നു. ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണതോതില്‍ പിങ്ക് ലൈന്‍ പ്രവര്‍ത്തനക്ഷമമാകൂ. ഡിസംബറോടെ ഭൂഗര്‍ഭ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പിങ്ക് ലൈനിലെ പ്രധാനപ്പെട്ട ആറ് സ്റ്റേഷനുകള്‍കലേന അഗ്രഹാര, ഹുളിമാവു, ഐഐഎം-ബാംഗ്ലൂര്‍, ജെപി നഗര്‍ 4-ാം ഘട്ടം, ജയദേവതാവരേക്കരെ.പിങ്ക് ലൈന്‍ ബെംഗളൂരു മെട്രോയുടെ നിരവധി പ്രധാന ഇടനാഴികളുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതുവഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലൈനുകള്‍ മാറിക്കയറാന്‍ കഴിയും. ജയദേവ (യെല്ലോ ലൈന്‍), എംജി റോഡ് (പര്‍പ്പിള്‍ ലൈന്‍), ഡയറി സര്‍ക്കിള്‍ (റെഡ് ലൈന്‍), നാഗവാര (ബ്ലൂ ലൈന്‍), ജെപി നഗര്‍ 4-ാം ഘട്ടം (ഓറഞ്ച് ലൈന്‍) എന്നിവയാണ് പ്രധാനപ്പെട്ട ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനായി (ബിഎംആര്‍സിഎല്‍) 318 മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് (ബിഇഎംഎല്‍) ട്രെയിനുകള്‍ വിതരണം ചെയ്യാനുള്ള ചുമതലയുള്ളത്. ഇതില്‍ 96 കോച്ചുകളാണ് പിങ്ക് ലൈനിനായി നീക്കിവച്ചിരിക്കുന്നത്. പിങ്ക് ലൈന്‍ കൂടി വരുന്നതോടെ നഗരത്തിലുടനീളമുള്ള മെട്രോ കണക്റ്റിവിറ്റി വര്‍ധിക്കും. ഗതാഗതക്കുരുക്കില്‍ പെടാതെ യാത്രക്കാര്‍ക്ക് വേഗത്തിലുള്ള യാത്ര സാധ്യമാകും.ഇലക്‌ട്രോണിക്‌സ് സിറ്റിയിലേക്കുള്ള യെല്ലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ട് വര്‍ഷത്തിലധികം വൈകിയിരുന്നു. ഇത് യാത്രക്കാരെ നിരാശരാക്കിയെങ്കിലും പ്രവര്‍ത്തനം തുടങ്ങിയതോടെ വലിയ തിരക്കാണ് യെല്ലോ ലൈനില്‍ അനുഭവപ്പെടുന്നത്. പിങ്ക് ലൈന്‍ പദ്ധതിയെയും ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്.