ബംഗളൂരു: വളർത്തുന്ന പൂച്ചക്കുട്ടിയെ ചവിട്ടി പരിക്കേല്‍പ്പിച്ച യുവാവിനെതിരെ ബംഗളൂരു മൈക്കോളൗട്ട് പൊലീസ് കേസെടുത്തു.മുഹമ്മദ് അഫ്താബ് നല്‍കിയ പരാതിയില്‍ മനീഷ് രത്‌നാകറിനെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം കേസെടുത്തത്.പരാതിക്കാരനായ മുഹമ്മദ് അഫ്താബും പ്രതി മനീഷ് രത്നാകറും ബി.ടി.എം ലേഔട്ട് രണ്ടാംഘട്ടത്തിലെ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 26ന് മനീഷ് രത്‌നാകർ വീട്ടിലുണ്ടായിരുന്നപ്പോള്‍ പൂച്ച വീട്ടില്‍ മൂത്രമൊഴിച്ചു. ദേഷ്യംവന്ന മനീഷ് പൂച്ചയെ കാലുകൊണ്ട് തട്ടി പരിക്കേല്‍പ്പിച്ചു.
പിന്നീട് മുഹമ്മദ് അഫ്താബിനെ വിളിച്ച് നിങ്ങളുടെ പൂച്ച വീട് അലങ്കോലമാക്കി അതിനെ പുറത്താക്കാൻ ആവശ്യപ്പെട്ടതായും മുഹമ്മദ് പറഞ്ഞു. വീട്ടിലെത്തിയ മുഹമ്മദ് അഫ്താബ് അവശനായ പൂച്ചക്കുഞ്ഞ് ബക്കറ്റില്‍ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.