വണ്ടിയിൽ പോകുന്നയാളെക്കാൾ നടന്നുപോകുന്നയാൾ ലക്ഷ്യസ്ഥാനത്ത് വേഗം എത്തുന്ന നഗരമേതെന്നുള്ള ചോദ്യത്തിന് ബെംഗളൂരു എന്ന് ഉത്തരം പറയാൻ അധികം സമയം വേണ്ടിവരില്ല. പേരുകേട്ട ബെംഗളൂരു ട്രാഫിക് ബ്ലോക്കിനായിമാത്രം ട്രോൾ പേജുകൾവരെയുണ്ട്. ബെംഗളൂരുവിലൂടെയുള്ള ഒരു മാസത്തെ ഊബർ യാത്രകളിലൂടെ മാത്രം ചെലവാകുന്ന പണം എത്രയെന്ന ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയുടെ എക്സ് കുറിപ്പ് ഇപ്പോൾ ചർച്ചയാകുകയാണ്.
നഗരത്തിലെ പൊതു ഗതാഗത പരിമിതികൾ മറികടക്കാനായി പലരും ഉപയോഗിക്കുന്നത് ഓല, ഊബർ പോലെയുള്ള കാബ് സേവനങ്ങളെയാണ്. യാത്രചെലവ് മനസ്സിലാക്കാനായി ക്രെഡ് ആപ്പിലുള്ള ഫീച്ചർ വിനിയോഗിച്ചാണ് വൻഷിക എന്ന യുവതി ജൂലൈ 1 മുതൽ 25 വരെയുള്ള കണക്കുകൾ പരിശോധിച്ചത്. പ്രതിമാസം 74 ഊബർ യാത്രകളിലായി 16,668 രൂപ ചെലവായതായി അറിഞ്ഞപ്പോഴുണ്ടായ ഞെട്ടലിലാണ് യുവതി.
ബെംഗളൂരുവിലെ തന്റെ റൂം വാടകയുടെ പകുതിയിലേറെയാണ് മാസം ഊബർ യാത്രകൾക്കായി ഞാൻ ചെലവാക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഊബർ ഇടപാടുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് വൻഷിത കുറിച്ചു.
യാത്ര ചെലവ് കുറയ്ക്കാനുള്ള പ്രതിവിധികളുൾപ്പെടെ കമ്മന്റുകളുണ്ട്. സ്വന്തമായി ഒരു വാഹനം മേടിക്കുകയാണെങ്കിൽ മാസംതോറുമുള്ള ഇ.എം.ഐ ഇതിലും കുറവായിരിക്കുമെന്ന കമന്റുകളുമുണ്ട്.