ബംഗളൂർ സ്വദേശിയുടെ മഴക്കൊയ്ത്താണ് ഇപ്പോള്‍ ഇന്റർനെറ്റില്‍ തരംഗം തീർക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 25,000 ലിറ്റർ മഴവെള്ളമാണ് ഇദ്ദേഹം സംഭരിച്ചത്.അതും അരമണിക്കൂർ കൊണ്ട്. ഇന്ത്യൻ ആർമിയില്‍ നിന്ന് വിരമിച്ച കാപ്റ്റൻ സന്തോഷ് കെ.സിയാണ് തന്റെ മഴക്കൊയ്ത്തിന്റെ വിഡിയോ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചത്.”ബംഗളൂരുവിലെ മഴ. സുസ്ഥിര പ്ലാനിങ്ങിന്റെ ശക്തി. വൈകുന്നേരം പെയ്ത മഴയുടെ വെള്ളമാണിത്. 30 മിനിറ്റിനകം ഞങ്ങള്‍ ഏതാണ്ട് 25,000 ലിറ്റർ വെള്ളം സംഭരിച്ചു. അതില്‍ 15,000 ലിറ്റർ വീട്ടാവശ്യത്തിനും 10,000 ലിറ്റർ കാർഷികാവശ്യത്തിനും ഉപയോഗിച്ചു”- എന്നു പറഞ്ഞാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.
പൈപ്പുകള്‍ വഴിയാണ് സ്റ്റോറേജ് ടാങ്കിലേക്ക് ഇദ്ദേഹം മഴവെള്ളം സംഭരിച്ചത്. അതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. നെറ്റിസണ്‍സ് കരഘോഷങ്ങളോടെയാണ് ഈ ഉദ്യമത്തെ സ്വീകരിച്ചത്.തുടർന്ന് മഴവെള്ള സംഭരണത്തെ കുറിച്ച് നിരവധി ചോദ്യങ്ങളും പലരും ഇദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വീട്ടാവശ്യത്തിന് ഉപയോഗിച്ചതെന്നും എന്നാല്‍ കാർഷികാവശ്യത്തിന് ശുദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മറുപടി നല്‍കി.വീട്ടാവശ്യത്തിന് മഴ വെള്ളം സംഭരിക്കുന്നതിനുള്ള പരിപാടിയിലാണെന്നും കൂട്ടിച്ചേർത്തു.
രണ്ടു ടാങ്കുകളിലായാണ് കാപ്റ്റൻ വെള്ളം സംഭരിച്ചത്. ബംഗളൂരുവില്‍ ശനിയാഴ്ച പെയ്ത ശക്തമായ മഴ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് ഇടയാക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകീട്ട് 8.30 വരെ 3.6 മില്ലീമീറ്റർ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.