ഓണ്‍ലൈൻ സൈറ്റുകള്‍ മുഖേന ഭക്ഷണം വാങ്ങുന്നവരാണ് ഒട്ടുമിക്കവരും. രാജ്യത്ത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍.അതേസമയം ഭക്ഷണം ഉപഭോക്താക്കള്‍ക്ക് നല്‍കുമ്ബോള്‍ അതിന്റെ നിലവാരവും സുരക്ഷയും ബന്ധപ്പെട്ടവർ ഉറപ്പാക്കേണ്ടതുണ്ട്. അടുത്തിടെ ഒരു ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താവ്. സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ഫിറ്റ്നസ്കാപ്രതീക് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവാവ് ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നത്. ഫ്രഷ്മെനു വഴി നാല് സാധനങ്ങളാണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ മൂന്ന് സാധനങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിന്റെ ബില്ലും പങ്കുവെച്ചിട്ടുണ്ട്. സാലഡിന്റെ ഒരു പാത്രം തുറന്നുനോക്കിയപ്പോള്‍ അതിനകത്ത് ജീവനുള്ള പുഴു ഉണ്ടായതായി യുവാവ് പറയുന്നു. വീഡിയോയിലും ഇത് വ്യക്തമാണ്. ബാക്കിയുള്ള പാത്രങ്ങള്‍ തുറന്നുനോക്കിയില്ലെന്ന് പറഞ്ഞ യുവാവ് സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കുറേനാളുകള്‍ക്ക് ശേഷമാണ് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. വേറെ വഴിയില്ലെങ്കില്‍ മാത്രം പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുക. കഴിക്കുന്നതിന് മുമ്ബ് നന്നായി ഭക്ഷണം പരിശോധിക്കുക.-വീഡിയോ പങ്കുവെച്ചുള്ള കുറിപ്പില്‍ പറയുന്നു.വീഡിയോയ്ക്ക് പിന്നാലെ ഫ്രഷ്മെനു ക്ഷമാപണവുമായി രംഗത്തെത്തി. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ഉത്തരവാദികളായവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി ഉപഭോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.