ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ വൈകാതെ 15 മിനിട്ടിന്റെ ഇടവേളകളില്‍ ട്രെയിനുകള്‍ ഓടും. നിലവില്‍ 25 മിനിട്ട് ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്. 3 ട്രെയിനുകള്‍ മാത്രമാണ് ലഭ്യമായത് എന്നതിനാലാണിത്. എന്നാല്‍ ഈ പാതയില്‍ മൂന്ന് ട്രെയിനുകള്‍ കൂടി വൈകാതെ സര്‍വീസ് ആരംഭിക്കും.നാലാമത്തെ ട്രെയിന്‍ ഇതിനകം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് ലഭ്യമായിട്ടുണ്ട്. ദിവസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് സര്‍വീസിന് പൂര്‍ണ സജ്ജമാകും. ഇതോടെ 25 മിനിട്ട് എന്നത് 15 മിനിട്ടായി കുറയുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ കണക്കുകൂട്ടല്‍.
നാലാം ട്രെയിന്‍ സെറ്റിന്റെ പരീക്ഷണ ഓട്ടം : ലഭ്യമായ പുതിയ ട്രെയിന്‍ സെറ്റിന്റെ പരീക്ഷണം ഈ ആഴ്ച തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. നാലാമത്തെ ട്രെയിന്‍ സെറ്റിന്റെ ആദ്യ കോച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് കോച്ചുകള്‍ ബുധനാഴ്ച രാത്രിയോടെയും എത്തിച്ചേര്‍ന്നു.
കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ ഫാക്ടറിയില്‍ നിന്നാണ് കോച്ചുകള്‍ എത്തിച്ചത്. റോഡ് മാര്‍ഗമാണ് ഇവ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. 20 ദിവസം നീളുന്ന പരീക്ഷണ ഓട്ടം വേണ്ടി വരുമെന്നാണ് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നത്. സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, വൈദ്യുതി വിതരണ ശൃംഖലകളുമായുള്ള സംയോജനം ഉള്‍പ്പടെ വിവിധതരം പരിശോധനകള്‍ക്ക് ട്രെയിന്‍ സെറ്റ് വിധേയമാക്കും.ട്രെയിന്‍ സെറ്റ് സ്റ്റാറ്റിക് ടെസ്റ്റുകള്‍ക്കായി ബേയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഡൈനാമിക് ടെസ്റ്റുകള്‍ക്ക് ശേഷം, അടുത്ത ആഴ്ചയോടെ ഇത് യെല്ലോ ലൈനില്‍ വിന്യസിക്കും. നിലവില്‍ യെല്ലോ ലൈനില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലാമത്തെ ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്ക് കുറയ്ക്കാനാകുമെന്നുമാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതീക്ഷ
ഈ വര്‍ഷം പദ്ധതിയിട്ട, ആറ് ട്രെയിന്‍ സെറ്റുകളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, ഓരോ അഞ്ച് മിനിട്ടിലും സര്‍വീസുകള്‍ സാധ്യമാകും. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്ററാണ് യെല്ലോ ലൈന്‍. ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്
യെല്ലോ ലൈനിലെ സ്‌റ്റേഷനുകള്‍ : ആര്‍വി റോഡ്, രാഗിഗുദ്ദ, ജയദേവ് ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്ലു ഗേറ്റ്, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ കോനപ്പന അഗ്രഹാര, ഹുസ്‌കൂര്‍ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര തുടങ്ങിയവയാണ് സ്റ്റേഷനുകള്‍.രാവിലെ 6.30 മുതല്‍ രാത്രി 11 വരെയാണ് ഈ ലൈനില്‍ ഇപ്പോഴത്തെ സര്‍വീസ്.
മെട്രോ ലൈനിന്റെ പരമാവധി നിരക്ക് 90 രൂപയും കുറഞ്ഞ നിരക്ക് 10 രൂപയുമാണ്. പ്രതിദിനം ഏകദേശം 30 മുതല്‍ 40 വരെ റൗണ്ട് ട്രിപ്പുകളാണുണ്ടാവുക. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ ഏകദേശം 80 മിനിട്ട് എടുക്കും.ഓഗസ്റ്റ് 10-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം മുമ്പ് യെല്ലോ ലൈനിന്റെയും സ്റ്റേഷനുകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും, ഡ്രൈവറില്ലാ ട്രെയിന്‍ സെറ്റുകള്‍ ലഭ്യമാകുന്നതിലെ തടസങ്ങള്‍ കാരണം ഉദ്ഘാടനം വൈകുകയായിരുന്നു