ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഒടിപിയോ അലേര്‍ട്ടുകളോ ഒന്നും ലഭിക്കാതെ ബെംഗളൂരുവില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ.പുലര്‍ച്ചെ വീട്ടമ്മ ഉറങ്ങിക്കിടക്കുമ്ബോഴാണ് 90,900 രൂപ ബാങ്കില്‍ നിന്ന് ഡെബിറ്റ് ആയത്. പുലര്‍ച്ചെ 3.24 നും 4.03 നും ഇടയിലുള്ള സമയത്താണ് സംഭവം നടക്കുന്നത്. ഒടിപി പങ്കുവയ്ക്കാതെ മൂന്ന് തവണയായിട്ടാണ് ഇത്രയും തുക പിന്‍വലിക്കപ്പെട്ടത്.ഓരോ തവണയും മുപ്പതിനായിരത്തോളം രൂപയാണ് പിന്‍വലിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവരെ എല്ലാം ആശങ്കയിലാഴ്ത്തുന്ന സംഭവം ഉണ്ടായത്.
സ്വകാര്യ മേഖലയിലെ ബാങ്കിലാണ് ബെംഗളൂരു വീട്ടമ്മയായ റിതു മഹേശ്വരിക്ക് അക്കൗണ്ട് ഉള്ളത്. ബാങ്കിലൂടെ മൂന്ന് അനധികൃത ഇടപാടുകള്‍ നടന്നതായി റിതു ആരോപിക്കുന്നു. എന്നാല്‍ ബാങ്ക് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കി. ഐടി ആക്‌ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുപിഐ അടിസ്ഥാനമാക്കിയുള്ള പെയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴിയാണ് അനധികൃത ഡെബിറ്റുകള്‍ നടത്തിയത് എന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.പുലര്‍ച്ചെ ഉറങ്ങുമ്ബോള്‍ 30000 രൂപയുടെ മൂന്നു ഡെബിറ്റുകള്‍ നടന്നതായി റിതു മഹേശ്വരി നല്‍കിയ പരാതിയില്‍ പറയുന്നു.
ഡിജിറ്റല്‍ ഇടപാടിന് മുന്നോടിയായി ഒറ്റ തവണ പാസ്വേഡുകളോ മറ്റ് കോഡുകളോ ഒന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സംഭവം നടന്ന ഉടനെ വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. സൈബര്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മഹേശ്വരിയുടെ അക്കൗണ്ട് ബാങ്ക് ബ്ലോക്ക് ചെയ്തു.അതേസമയം ഒടിപികള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടന്നതെന്നാണ് ബാങ്കിന്റെ വാദം. അതിനാല്‍ പണ ഇടപാടുകള്‍ സാധുവാണെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. അതേസമയം താന്‍ ഒടിപി നല്‍കിയിട്ടില്ലെന്നാണ് മഹേശ്വരി പറയുന്നത്.
ബാങ്കിന്റെ ഇടപാടുകളില്‍ സുരക്ഷാ ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.ബാങ്കിന്റെ മാര്‍ക്കറ്റിങ് ടീമിലേക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞ് ഇമെയില്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.സംഭവം നടന്നതിന് പിന്നാലെ ബാങ്ക് അധികൃതരുടെ നിര്‍ദേശപ്രകാരം മഹേശ്വരി നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസിലും സൈബര്‍ സെല്ലിലും പരാതി രജിസ്റ്റര്‍ ചെയ്തു. ഇത്തരം ഇടപാടുകള്‍ എങ്ങനെ നടന്നു എന്ന് വിശദീകരിക്കാന്‍ ബാങ്കിനും കഴിഞ്ഞിട്ടില്ല.
 
