ബംഗളുരു: മൊബൈല്‍ സേവന ദാതാവിന്റെ കസ്റ്റമർ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി.ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാർ പണം ചോദിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് അതുവരെ നടന്നതെല്ലാം തട്ടിപ്പായിരുന്നെന്ന് മനസിലായത്.ബംഗളുരുവിലെ താമസക്കാരിയായ യുവതി കഴിഞ്ഞ ദിവസമാണ് പരാതിയുമായി അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിലെത്തിയത്. നവംബർ 13നാണ് യുവതിക്ക് ഒരു അജ്ഞാത നമ്ബറില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുന്നത്.
മൊബൈല്‍ കമ്ബനിയുടെ കസ്റ്റമർ സർവീസ് സെന്ററില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം, സിം എടുക്കാനായി യുവതി നല്‍കിയ അതേ ആധാർ കാർഡ് ഉപയോഗിച്ച് ആരോ മറ്റൊരു സിം എടുത്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് ഇന്റർനെറ്റില്‍ നിരോധിത അശ്ലീല ദൃശ്യങ്ങള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയില്ലെങ്കില്‍ എല്ലാ മൊബൈല്‍ കണക്ഷനുകളും റദ്ദാക്കപ്പെടുമെന്നും പറഞ്ഞതോടെ യുവതിക്ക് ഭീതിയായി.
താൻ സൈബർ പൊലീസുമായി കണക്‌ട് ചെയ്യാമെന്നും വിളിച്ചയാള്‍ അറിയിച്ചു. തൊട്ടുപിന്നാലെ വാട്സ്‌ആപില്‍ ഒരു ഫോണ്‍ കോള്‍ എത്തി. മുംബൈ സൈബർ പൊലീസില്‍ നിന്നാണെന്ന് അറിയിച്ച ആള്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമെന്ന തരത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയ ശേഷം 1,10,000 രൂപ ആദ്യം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. എന്നാല്‍ പിന്നീട് വീണ്ടും പണം ചോദിച്ച് വിളിക്കാൻ തുടങ്ങിയതോടെയാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്. ഐടി നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.