ബംഗളൂരു: 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനും പത്രപ്രവര്‍ത്തകനുമായിരുന്ന എച്ച്.എസ്. ദൊരെസ്വാമി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മേയ് 12ന് കോവിഡ് മുക്തനായി ആശുപത്രി വിെട്ടങ്കിലും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീണ്ടും ബംഗളൂരുവിലെ ജയദേവ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 1.30ഒാടെയാണ് മരണമെന്ന് ജയദേവ ആശുപത്രി ഡയറക്ടര്‍ ഡോ. സി.എന്‍. മഞ്ജുനാഥ് അറിയിച്ചു. 1918 ഏപ്രില്‍ പത്തിന് ജനിച്ച ഹാരോഹള്ളി ശ്രീനിവാസയ്യ ദൊരെസ്വാമി എന്ന എച്ച്.എസ്. ദൊരെസ്വാമി ബംഗളൂരു സെന്‍ട്രല്‍ കോളജില്‍നിന്ന് സയന്‍സില്‍ ബിരുദം നേടി. സ്വാതന്ത്ര്യ സമര കാലത്ത് ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തില്‍ പങ്കെടുത്ത അദ്ദേഹം 1943 മുതല്‍ 1944 വരെ 14 മാസം ജയില്‍വാസം അനുഭവിച്ചു. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യാ രാജ്യത്തിെന്‍റ ഭാഗമാകാന്‍ മൈസൂരുവിലെ രാജഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി നടത്തിയ ‘മൈസൂരു ചലോ’ മുന്നേറ്റത്തിലും ഗാന്ധിയനായ െദാരെസ്വാമി പങ്കെടുത്തു.
‘പൗരവാണി’ എന്ന പേരില്‍ പത്രം നടത്തിയിരുന്ന അദ്ദേഹം പ്രശസ്തമായ രാംനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവ് കൂടിയാണ്. മാധ്യമപ്രവര്‍ത്തക ഗൗരി ലേങ്കഷിനെ ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ബംഗളൂരുവില്‍ നടന്ന തുടര്‍ച്ചയായ സമരങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 2020 ഫെബ്രുവരിയില്‍ പൗരത്വ ഭേഗതി നിയമത്തിനെതിരെ ബംഗളൂരുവില്‍ നടന്ന സമരത്തില്‍ തുടര്‍ച്ചയായ അഞ്ചുദിവസം ദൊരെസ്വാമി പങ്കെടുത്തതും വന്‍ വാര്‍ത്തയായിരുന്നു.