ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് നടത്താനുള്ള നീക്കം വേഗത്തിലാക്കി ഊബർ. നഗരത്തിലെ തിരക്കൊഴിവാക്കാൻ സഹായകരമാകുന്ന ഷട്ടിൽ ബസ് സർവീസ് ആരംഭിക്കാനുള്ള അനുമതിക്കായി കർണാടക സർക്കാരുമായി ഊബർ ചർച്ചകൾ നടത്തുന്നത് തുടരുന്നു. സർക്കാരിൽ നിന്ന് അനുകൂല നിലപാട് വൈകാതെ ലഭിക്കുമെന്ന് ഊബർ വ്യക്തമാക്കി.ബെംഗളൂരു നഗരത്തിൽ റൈഡ് ഹെയ്‌ലിങ് കമ്പനി ഷട്ടിൽ സർവീസ് അവതരിപ്പിക്കാൻ പദ്ധതിയിട്ടെങ്കിലും സർക്കാരിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
വ്യക്തിഗത വാഹനങ്ങൾ ഒഴിവാക്കി യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഇതോടെ ബെംഗളൂരു നഗരത്തിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. നഗരത്തിലെ ടെക് ഇടനാഴിയിൽ 200 എയർകണ്ടീഷൻ ബസുകൾ നിരത്തിലിറക്കാനാണ് ഊബർ പദ്ധതിയിടുന്നത്.ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സൗകര്യമാകുന്ന ഷട്ടിൽ ബസ് സർവീസ് 2 – 3 മിനിറ്റ് ഇടവേളകളിൽ നിർദിഷ്ട റൂട്ടുകളിലൂടെ സർവീസ് നടത്തും. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഊബർ ഒരുക്കുന്നുണ്ട്. നിർദിഷ്ട റൂട്ടിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് ബസിൽ കയറാനും ലക്ഷ്യസ്ഥാനത്ത് ഇറങ്ങാനും സാധിക്കും
ബെംഗളൂരുവിൽ ഷട്ടിൽ സർവീസ് നടത്താനുള്ള സർക്കാർ അനുവാദം വൈകാതെ ലഭിക്കുമെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റീജിയണൽ ബിസിനസ് ഓപ്പറേഷൻസ് മേധാവി അഭിഷേക് പാധ്യേ പറഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും ഷട്ടിൽ ബസ് സർവീസ് മികച്ച രീതിയിൽ നടക്കുന്നുണ്ട്. പദ്ധതി ബെംഗളൂരുവിലും എത്തുന്നതോടെ നഗരത്തിലെ തിരക്ക് പരിഹരിക്കാൻ സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ വാഹനങ്ങൾക്ക് പകരമായി യാത്രക്കാർക്ക് ബദൽ സൗകര്യം വാഗ്ദാനം ചെയ്ത് തിരക്ക് കുറയ്ക്കുന്നതിനായി നിരവധി ടെക് കമ്പനികൾ സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ പ്രവർത്തനം ആരംഭിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ടെക് പാർക്കുകൾ ഈ സേവനത്തിന് സ്വാഭാവികമായും അനുയോജ്യമാണെന്ന് അഭിഷേക് പാധ്യേ പറഞ്ഞു.ഡൽഹി – കൊൽക്കത്ത നഗരങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ ഗുരുതരമായ ഗതാഗത പ്രശ്നങ്ങളാണ് ബെംഗളൂരുവിലുള്ളത്. വലിയ ടെക് പാർക്കുകൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളാണ് ബെംഗളൂരുവും ഹൈദരാബാദുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂരിഭാഗം ടെക് ഭീമന്മാരും ഔട്ടർ റിങ് റോഡിന് സമീപമാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഈ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഷട്ടിൽ ബസ് സർവീസ് സഹായിക്കുമെന്നും അഭിഷേക് പാധ്യേ കൂട്ടിച്ചേർത്തു. കൊൽക്കത്ത, ഡൽഹി നഗരങ്ങളിൽ ഷട്ടിൽ ബസ് സർവീസ് വിജയകരമായതോടെയാണ് ബെംഗളൂരുവിൽ സർവീസ് ആരംഭിക്കാൻ ഊബർ ലക്ഷ്യമിടുന്നത്. കർണാടക സർക്കാർ അനുമതി നൽകിയാൽ 200 എസി ബസുകൾ നിരത്തിലിറക്കാനാണ് ഊബറിൻ്റെ തീരുമാനം.