ബെംഗളൂരു: ബെംഗളൂരു ഇരട്ട ടണല്‍ റോഡ് പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെതിരെ സേവ് ബെംഗളൂരു കമ്മിറ്റി എന്ന പൗരസമൂഹ സംഘടന രൂക്ഷ വിമർശനവുമായി രംഗത്ത്.പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയും നടപടികള്‍ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നതിന് ഇടയിലാണ് പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്.42,000 കോടി രൂപയോളം ടണല്‍ റോഡ് പദ്ധതിക്ക് ചിലവ് വരുമെന്നായിരുന്നു നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് പദ്ധതിയുടെ മൊത്തം ചെലവ് 70,000 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടി പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ് സംഘടന.ഈ തുക മെട്രോ റെയില്‍ അല്ലെങ്കില്‍ ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പോലുള്ള ഒരു പൊതുഗതാഗത സംവിധാനത്തില്‍ നിക്ഷേപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. സർക്കാരിനെ പോലെ തന്നെ പദ്ധതിക്കെതിരെ തെരുവിലിറങ്ങാത്തതിന് ബിജെപിയെയും സംഘടന രൂക്ഷമായി വിമർശിച്ചു.
കേന്ദ്ര നേതൃത്വം പദ്ധതി തടയാൻ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും സംസ്ഥാന നേതാക്കള്‍ മൃദ സമീപനം സ്വീകരിക്കുന്നുവെന്നും ആരോപിച്ച് ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടതായി സംഘടന പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സേവ് ബെംഗളൂരു കമ്മിറ്റി കണ്‍വീനർ ശശികുമാർ ജി പദ്ധതിയെ അശാസ്ത്രീയം എന്നാണ് വിശേഷിപ്പിച്ചത്.മെട്രോയില്‍ 69,000 യാത്രക്കാരെയും ബിഎംടിസി ബസുകളില്‍ 1.75 ലക്ഷം യാത്രക്കാരെയും ഉള്‍ക്കൊള്ളാൻ കഴിയുമ്ബോള്‍, ഈ പദ്ധതിക്ക് 1800 കാർ യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളാൻ കഴിയൂ എന്ന് റിപ്പോർട്ടുകള്‍ പറയുന്നതായി സംഘടന അവകാശപ്പെട്ടു. പദ്ധതി വെറും പണം പാഴാക്കല്‍ മാത്രമല്ല, പരിസ്ഥിതിയെയും ബാധിക്കുമെന്നാണ് അവർ ആരോപിക്കുന്നത്.അടുത്ത 40 വർഷത്തേക്ക് ഈ പാതയില്‍ ടോള്‍ പിരിക്കാൻ സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ 42,000 കോടി രൂപ എന്ന് കാണിക്കുന്ന പദ്ധതി പിന്നീട് 70,000 കോടി രൂപയായി ഉയരാം, ഇത് വലിയ ഭാരമാകും. ഇതിനുപകരം, മെട്രോയ്ക്കും ബിഎംടിസിക്കും വേണ്ടി ഈ തുക ഉപയോഗിക്കണമെന്ന് ശശികുമാറിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.ബെംഗളൂരു ടണല്‍ റോഡ് പദ്ധതിഹെബ്ബല്‍ ജംഗ്‌ഷന്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെയും കെആര്‍ പുര മുതല്‍ മൈസൂരു റോഡ് വരെയും രണ്ട് ആറുവരി തുരങ്ക പാതകളാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. തുരങ്കം നിര്‍മ്മിക്കുന്നതിന് ചൈനയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമാണ് മെഷീനുകള്‍ എത്തിക്കുക. 70 ശതമാനം സ്വകാര്യ പങ്കാളിത്തതോടെയാണ് ഈ പാതകള്‍ നിർമിക്കുക. ശേഷിക്കുന്ന 30 ശതമാനം തുക വായ്‌പകളിലൂടെ കണ്ടെത്തും.എന്നാല്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗത മാർഗങ്ങള്‍ ശക്തമായ മേഖലകള്‍ തുരങ്ക റോഡിനായി തിരഞ്ഞെടുത്തതിനെ നേരത്തെ തന്നെ ഒരുവിഭാഗം ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരിച്ച ചിലവുകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമെന്നും ഗുരുതര പാരിസ്ഥിതിക ആഘാതം പദ്ധതിയിലൂടെ ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടി പൗരസംഘടനകളും രംഗത്ത് വരുന്നത്.