Home Featured ബി.എം.ടി.സി. ബസപകടങ്ങൾ: ഡ്രൈവർമാർക്ക് പരിശീലനവുമായി ട്രാഫിക് പോലീസ്

ബി.എം.ടി.സി. ബസപകടങ്ങൾ: ഡ്രൈവർമാർക്ക് പരിശീലനവുമായി ട്രാഫിക് പോലീസ്

by admin

ബെംഗളൂരു: ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസുകൾ അപകടത്തിൽപ്പെടുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി ട്രാഫിക് പോലീസ്. ദിവസേന 50 ഡ്രൈവർമാർക്ക് വീതമാണ് പരിശീലനം നൽകുന്നത്. ഇതുവരെ 3,000 ഡ്രൈവർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. 12,000 ബി.എം.ടി.സി. ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

ഓരോ വർഷവും ബി.എം.ടി.സി. ബസ് ഉൾപ്പെടുന്ന അപകടങ്ങളിൽ 30-ലധികം ആളുകൾ മരിക്കുകയും 200-ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ബസുകൾ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും പതിവായിട്ടുണ്ട്. സിഗ്നൽ തെറ്റിക്കൽ, അമിതവേഗം തുടങ്ങിയ ലംഘനങ്ങളാണ് ബി.എം.ടി.സി. ബസുകൾ സാധാരണഗതിയിൽ നടത്തുന്നത്. ഇതേത്തുടർന്നാണ് ഡ്രൈവർമാർക്കായി പ്രത്യേക പരിശീലനം നൽക്കാൻ ട്രാഫിക് പോലീസ് തീരുമാനിച്ചതെന്നും അനുചേത് പറഞ്ഞു.

സുരക്ഷിതമായ ഡ്രൈവിങ്, ഗതാഗത നിയമങ്ങൾ പാലിക്കൽ, അപകടസാധ്യതകൾ കുറയ്ക്കൽ, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ എന്നിവയിലാണ് ഡ്രൈവർമാർക്ക് ട്രാഫിക് പോലീസ് പരിശീലനം നൽകുന്നത്. 2023-ൽ ബെംഗളൂരുവിൽ ബി.എം.ടി.സി. ബസ് ഉൾപ്പെട്ട അപകടങ്ങളിൽ 40-ലധികം ആളുകൾ മരിക്കുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. വെള്ളിയാഴ്ച സ്‌കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർഥിനി ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയായ കുസുമിത (21) ആണ് മരിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെ മല്ലേശ്വരത്ത് വെച്ചായിരുന്നു അപകടം. അടുത്തിടെ മഡിവാളയിലും സുബ്ബയ്യ സർക്കിളിലും ബി.എം.ടി.സി. ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. മഡിവാളയിൽ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 21 കാരിയായ സീമയാണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. ഭർത്താവും 18 മാസം പ്രായമായ കുഞ്ഞും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സുബ്ബയ്യ സർക്കിളിൽ കാൽനടയാത്രക്കാരിയാണ് ബസിടിച്ച് മരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group