വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന പോസ്റ്റല്‍ പിന്‍കോഡ് മാറിയാല്‍ എന്ത് സംഭവിക്കും? അതേ പിന്‍കോഡ് മറ്റൊരു സ്ഥലത്തിനുമുണ്ടെങ്കിലോ? കുഴഞ്ഞുപോകുമല്ലേ? ബെംഗളൂരുവിലെ ബെന്‍സന്‍ ടൗണിലും ഇതാണ് സംഭവിച്ചിരിക്കുന്നത്. 560046 എന്ന പോസ്റ്റല്‍ പിന്‍ കോഡ് മാറ്റി, പകരം 560006 ആണ് പ്രദേശത്തെ പുതിയ പിന്‍കോഡ്. പക്ഷെ ഇന്ത്യാ പോസ്റ്റില്‍ ഇപ്പോഴും പഴയ കോഡ് തന്നെയാണ് ബെന്‍സന്‍ ടൗണിന്റേതായുളളത്. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം.
ജെസി നഗര്‍ പോസ്റ്റ് ഓഫീസിന്റെ കോഡാണ് ബെന്‍സന്‍ ടൗണിന് നല്‍കിയ പുതിയ പിന്‍കോഡ്. ബെന്‍സന്‍ ടൗണിലും പരിസരപ്രദേശങ്ങളായ നന്ദിദുര്‍ഗ റോഡ്, ജയമഹല്‍, എസ് കെ ഗാര്‍ഡന്‍, ചിന്നപ്പ ഗാര്‍ഡന്‍, വില്യംസ് ടൗണ്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് പോസ്റ്റല്‍ കോഡിലെ പെട്ടെന്നുളള മാറ്റം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത്. ബെന്‍സന്‍ ടൗണിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി 560046 എന്ന കോഡാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ പ്രദേശവാസികള്‍ക്ക് തപാല്‍ വരുന്നത് 560006 എന്ന കോഡിലേക്കാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ നടപ്പാക്കിയ പിന്‍കോഡ് മാറ്റം തങ്ങളുടെ ഔദ്യോഗിക രേഖകളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ബെന്‍സന്‍ ടൗണിലെ താമസക്കാര്‍.പിന്‍കോഡ് മാറ്റം ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നാല്‍ ബെന്‍സന്‍ ടൗണിലുളളവര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഇവ പറയുന്നു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, ആദായനികുതി രേഖകള്‍, ഗ്യാസ് കണക്ഷന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളിലെല്ലാം അഡ്രസ് മാറ്റേണ്ടിവരും. രേഖകളിലെ പിന്‍കോഡ് പുതിയ കോഡല്ലെങ്കില്‍ പ്രധാനപ്പെട്ട കത്തുകള്‍, പാര്‍സലുകള്‍, ഔദ്യോഗിക രേഖകള്‍ തുടങ്ങിയവ കയ്യില്‍ കിട്ടുന്നതിന് താമസം നേരിടുകയോ ലഭിക്കാതെ വരികയോ ചെയ്യാം എന്നാണ് ആശങ്ക