ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടില്‍ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഏറ്റെടുക്കും.250 മീറ്റർ ഉയരക്കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനുള്ള പദ്ധതിക്കായുള്ള സ്ഥലം ടെക് സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചല്ലഗട്ട – ഭീമനകുപ്പേ മേഖലയിലാണ് പുതിയതായി തിരഞ്ഞെടുത്തിരിക്കുന്നത്.പദ്ധതിക്കായി കണ്ടെത്തുന്ന ആറാമത്തെ സ്ഥലമാണിത്.
നേരത്തെ പരിഗണിച്ചിരുന്ന മറ്റ് സ്ഥലങ്ങളില്‍ ബയപ്പനഹള്ളിയിലെ 10 ഏക്കർ, ഹെമ്മിഗേപുരയിലെ 25 ഏക്കർ, കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ഭൂമി, ബാംഗ്ലൂർ യൂണിവേഴ്സിറ്റി കാമ്ബസിലെ 25 ഏക്കർ, കൊമ്മഗട്ടയിലെ 30 ഏക്കർ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ഭൂമിശാസ്ത്രപരവും സുരക്ഷാപരവുമായ വെല്ലുവിളികള്‍ എന്നിവ കാരണം ഈ സ്ഥലങ്ങള്‍ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല.മേജർ ആർട്ടീരിയല്‍ റോഡിന് (എംഎആർ) സമീപം സ്ഥിതി ചെയ്യുന്ന നാദപ്രഭു കെംപഗൗഡ ലേഔട്ടില്‍ 46 ഏക്കർ ഭൂമി ചല്ലഘട്ട മെട്രോ സ്റ്റേഷന്റെ അടുത്താണെന്നത് സ്ഥലം അന്തിമമാക്കുന്നതില്‍ പ്രധാന ഘടകമായി. വ്യാഴാഴ്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർദ്ദിഷ്ട സ്ഥലം പരിശോധിച്ചു.ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി തന്നെ മാറിയേക്കാവുന്ന സ്കൈഡെക്ക് പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്കൈഡെക്കിന് മുകളില്‍ വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലയും നിർമിക്കും.