ബെംഗളൂരു: ഇന്ത്യയുടെ ദേശീയ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് പറയുന്ന ഡല്‍ഹി സ്വദേശിനിയുടെ വീഡിയോ.രണ്ട് മാസം മുൻപ് ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് താമസം മാറിയ സിമൃതി മഖിജയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ നിർദ്ദേശം മുന്നോട്ടുവെച്ചത്. വായു മലിനീകരണം, സ്ത്രീസുരക്ഷ, നഗരസൗകര്യങ്ങള്‍ എന്നിവ മുൻനിർത്തി സിമൃതി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.ഡല്‍ഹിയിലെ വായുനിലവാരം അതീവ ഗുരുതരമാണെന്നും അവിടെ കഴിയുന്നത് ഒരു ‘ഗ്യാസ് ചേംബറിനുള്ളില്‍’ കഴിയുന്നതിന് തുല്യമാണെന്നും സിമൃതി പറയുന്നു. മലിനമായ വായു ശ്വസിക്കുന്നത് ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നുവെന്നും യുവതി പറയുന്നു.
ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ അനുഭവപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രാത്രി 10 മണിക്ക് ഒറ്റയ്ക്ക് നടന്നുപോകാൻ പോലും ബെംഗളൂരുവില്‍ തനിക്ക് ഭയമില്ലെന്നും ഡല്‍ഹിയില്‍ ഇത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും സിമൃതി കൂട്ടിച്ചേർത്തു. കാല്‍നടയാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ റോഡുകളും പൊതുയിടങ്ങളും ബെംഗളൂരുവിലുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തുമ്ബോള്‍ മലിനീകരണവും തിരക്കും നിറഞ്ഞ ഡല്‍ഹിക്ക് പകരം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുള്ള ബെംഗളൂരു കാണുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതെന്നും അവര്‍ പറയുന്നു.സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് വാദംസിമൃതിയുടെ വീഡിയോയ്ക്ക് പിന്നാലെ ഇന്റർനെറ്റില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഡല്‍ഹിയിലെ മലിനീകരണത്തിലും സുരക്ഷാപ്രശ്നങ്ങളിലും പൊറുതിമുട്ടിയവർ സിമൃതിയുടെ വാദങ്ങളെ ശരിവയ്ക്കുന്നു. എന്നാല്‍ ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് പലരും ഇതിനെ എതിർത്തത്. ഒരു നഗരത്തെ തലസ്ഥാനമാക്കുന്നത് വെറും ജീവിതസൗകര്യങ്ങള്‍ മാത്രം നോക്കിയല്ലെന്നും അതിന് പിന്നില്‍ രാഷ്ട്രീയവും ചരിത്രപരവുമായ ഒട്ടനവധി കാരണങ്ങളുണ്ടെന്നും ചിലർ ഓർമ്മിപ്പിച്ചു. എന്തായാലും, ഒരു നഗരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും നല്‍കേണ്ട മുൻഗണനയെക്കുറിച്ചും പുതിയൊരു ചർച്ചയ്ക്ക് ഈ വീഡിയോ തുടക്കമിട്ടിരിക്കുകയാണ്.