ഷൂ റേക്കുകളും പൂച്ചട്ടികളും ഫ്ലാറ്റുകളുടെ ഇടനാഴികളില്‍ വെക്കാമോ എന്നതാണ് ബെംഗളൂരു നഗരത്തെ ഇന്ന് അലട്ടിക്കൊണ്ടിരിക്കുന്നത്.ഇത് വളരെ സെൻസിറ്റീവായ ഒരു വിഷയമായി മാറിയിരിക്കുന്നു. ഒരു ഫ്ലാറ്റില്‍ തന്നെ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമുള്ളവരുണ്ടാകും. അവർ പലപ്പോഴും തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുമാകും. പരസ്പരം മുഖം കറുപ്പിക്കേണ്ടുന്ന ഒരു പ്രശ്നമായി മലയാളികള്‍ അടക്കമുള്ള ഫ്ലാറ്റ് നിവാസികള്‍ക്ക് ഷൂറേക്ക് – പൂച്ചട്ടി പ്രശ്നം മാറിയിരിക്കുന്നു.ഈ പ്രശ്നം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷൂ റേക്ക് തർക്കം ബെംഗളൂരുവിലെ ഫ്ലാറ്റുകളില്‍ നടക്കുന്നുണ്ട്. മെയ് മാസം അവസാന വാരങ്ങളില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ പ്രസ്റ്റിജ് സണ്‍റൈസ് പാർക്ക് എന്ന റസിഡൻഷ്യല്‍ കോംപ്ലക്സില്‍ അപ്പാർട്ടുമെന്റ് ഉടമയും റസിഡന്റ്സ് അസോസിയേഷനും തമ്മില്‍ തർക്കമായി. ഷൂ റേക്ക് അകത്ത് വെക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഫ്ലാറ്റുടമയും. തർക്കം മുറുകിയതോടെ പ്രശ്നം സങ്കീര്‍ണമായി. കാരണം, ഈ കോംപ്ലക്സില്‍ മാത്രം ആയിരത്തിനാല്‍പ്പത്താറ് ഫ്ലാറ്റുകളുണ്ട്. ഈ ഫ്ലാറ്റുടമകള്‍ രണ്ട് ചേരിയായി മാറി.
ഇതോടെ വാർത്തയായി. മറ്റ് ഫ്ലാറ്റുകളിലേക്കും പ്രശ്നം ചെന്നെത്തി. അവിടങ്ങളിലും തർക്കമായി.പല ഹൗസിങ് അസോസിയേഷനുകളും ഫ്ലാറ്റുകളുടെ പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിലപാടുള്ളവരാണ്. ഇവരാണ് ഫ്ലാറ്റുടമകളോട് വാതിലിനു പുറത്ത് ഇടനാഴികളില്‍ ഷൂ റേക്കുകളോ പൂച്ചട്ടികളോ വെക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഇത് പലർക്കും ഒട്ടും ദഹിക്കുന്നില്ല. പൂച്ചട്ടികള്‍ ഒഴിവാക്കാൻ തയ്യാറായാലും ഷൂ റേക്ക് നീക്കം ചെയ്യാൻ അവർ തയ്യാറല്ല. കാരണം, ചെളിയിലും മറ്റും ചവിട്ടി വരുന്ന ഷൂസും ചെരിപ്പുമെല്ലാം ഫ്ലാറ്റിനകത്തേക്ക് വെക്കേണ്ടി വരും.
ഒരു കാരണവശാലും അത് സമ്മതിക്കില്ലെന്ന് ഫ്ലാറ്റ് നിവാസികള്‍ പലരും നിലപാടെടുത്തതോടെ ചിത്രം മാറി. പൊതുവെ സമാധാനപരമായി പോയിരുന്ന ഫ്ലാറ്റുകളിലെ അന്തരീക്ഷം കറുത്തു.ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ടില്‍ പറയുന്നത്, വീട്ടിനകത്തേക്ക് തങ്ങള്‍ തന്നെയും, ഡ്രൈവർമാരും വീട്ടുവേലക്കാരും ചെരിപ്പിട്ട് കേറുന്നത് സമ്മതിക്കാൻ കഴിയില്ലെന്ന് ഒരു വീട്ടമ്മ പറഞ്ഞുവെന്നാണ്. കോവിഡ് പോലുള്ള രോഗങ്ങളുടെ പകർച്ചയുള്ള സന്ദർഭങ്ങളില്‍ പുറത്തു നിന്ന് ആളുകള്‍ ചെരിപ്പുമായി ഫ്ലാറ്റിനകത്തേക്ക് കേറുന്നത് ആലോചിക്കാൻ പോലും അവർക്ക് വയ്യ.
ഒരു ഫ്ലാറ്റുടമ പുറത്ത് ഷൂ റേക്ക് വെക്കുന്നതിന്റെ പിഴ മുൻകൂട്ടി അടയ്ക്കാൻ പോലും തയ്യാറായി. വിഷയം അത്രവലിയ വൈകാരിക പ്രശ്നമായി മാറിയെന്ന് ചുരുക്കം.എന്നാല്‍ ഫ്ലാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍ ഈ പ്രശ്നത്തെ മറ്റൊരു തരത്തിലാണ് കാണുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഫ്ലാറ്റുകളിലെ രോഗികളെയും മറ്റും അതിവേഗം ആശുപത്രിയില്‍ എത്തിക്കേണ്ടി വരും. ഈ സമയത്ത് ഇടനാഴികളിലെ ഷൂ റേക്കുകള്‍ ഒരു തടസ്സമായി മാറുന്നു.ചെരിപ്പ് പുറത്തുവെക്കുക എന്നത് ഒരു സംസ്കാരമായി കൊണ്ടു നടക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും.
ബെംഗളൂരുവില്‍ മാത്രമായി അതിന് മാറ്റമൊന്നുമില്ല. ഫ്ലാറ്റുകളിലെ താമസക്കാർ പറയുന്നത് കണ്ണുമടച്ചുള്ള നിരോധനം ശരിയല്ലെന്നാണ്. സുരക്ഷാപരമായ പ്രശ്നങ്ങള്‍ ഉള്ള ഭാഗങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താം. ഉദാഹരണത്തിന്, എമർജൻസി എക്സിറ്റ് മറയ്ക്കുന്ന തരത്തില്‍ ഷൂ റേക്ക് വെക്കുകയാണെങ്കില്‍ അത് തടയേണ്ടതാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്ലാത്തിടത്ത് എന്തിനാണ് നിരോധനം? ഇതാണ് ചോദ്യം.ചിലർക്ക് ഈ തർക്കം മൂലം അപ്പാർട്ടുമെന്റ് ജീവിതത്തോടു തന്നെ ഒരു വെറുപ്പ് തോന്നുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
സ്വന്തം വീടെന്ന തോന്നലില്ലാതെയാണ് ജീവിക്കുന്നതെന്ന് അവര്‍ പറയുന്നു. അമിതമായ നിയന്ത്രണങ്ങളാണ് പല റസിഡന്റ്സ് അസോസിയേഷനുകളും ഏർപ്പെടുത്തുന്നതെന്നും പരാതിയുണ്ട്.ബെംഗളൂരു നഗരത്തിലെ ഫ്ലാറ്റുകളില്‍ ഒരുതരം സാംസ്കാരിക സംഘർഷമാണ് നടക്കുന്നതെന്ന് പറയാം. ഭാവി ഫ്ലാറ്റ് നിർമ്മാണങ്ങളുടെ ഡിസൈനിനെ പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു പ്രശ്നമായി ഷൂ റേക്ക് പ്രശ്നം വളർന്നേക്കാം.