
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കൊമേഴ്സ്യൽ സ്ട്രീറ്റിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിച്ചു. മാന്യവർ മോഹി സ്റ്റോറിലുണ്ടായ തീപിടിത്തത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാധനങ്ങളുടെ ആകെ നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. തിരക്കേറിയ തെരുവിലെ തീപിടുത്തം ജനങ്ങളിൽ അൽപനേരം പരിഭ്രാന്തി പരത്തി.
വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും ശക്തമായി പുകയുയരുന്നത് കണ്ട് കടയിലും സമീപത്തെ കടകളിലുമുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടിയതിനെ തുടർന്ന് ആളപായം ഒഴിവായി. അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ചാണ് തീയണച്ചത്.ഇടുങ്ങിയ വഴി ആയതുകൊണ്ട് തന്നെ അഗ്നിശമന സേനാ വാഹനത്തിനെത്താൻ പ്രയാസപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.