Home Featured ബെംഗളൂരു രണ്ടാം വിമാനത്താവളം, നടപടികള്‍ വേഗത്തിലാക്കി കർണ്ണാടക..

ബെംഗളൂരു രണ്ടാം വിമാനത്താവളം, നടപടികള്‍ വേഗത്തിലാക്കി കർണ്ണാടക..

by admin

ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് രണ്ടാം വിമാനത്താവളം. വർധിച്ചു വരുന്ന ആവശ്യകതയും ജനസംഖ്യയും വികസനവും പുതിയൊരു വിമാനത്താവളത്തിന്റെ ആവശ്യകതയെ ഉയർത്തുന്നു. വിമാനത്താവളത്തിനായി നിലവിൽ മൂന്നിടങ്ങൾ ബെംഗളൂരുവിന്‍റെ സമീപ പ്രദേശങ്ങളിലായി കർണ്ണാടക സർക്കാർ കണ്ടെത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എവിടെ വരുമെന്നതാണ് അടുത്ത ചോദ്യം.

ഇപ്പോഴിതാ, ബെംഗളൂരു രണ്ടാം വിമാനത്താവള പദ്ധതി പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബെംഗളൂരുവിലെ വരാൻ പോകുന്ന അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സ്ഥലങ്ങളുടെ സാധ്യാ പഠനം നടത്തുവാനുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംഘം ഏപ്രിൽ മാസത്തിൽ ബെംഗളൂരുവിലെത്തും. ഏപ്രിൽ ഏഴിനും ഒൻപതിനും ഇടയിൽ എത്തുന്ന എഎഐ സംഘം അന്തിമ പട്ടികയിൽ ഉൾപ്പെട്ട മൂന്നിടങ്ങളും പരിശോധിച്ച് ഏതാണ് വിമാനത്താവളത്തിന് കൂടുതൽ അനുയോജ്യമെന്ന റിപ്പോര്‍ന്ന് നല്കും. പിന്നീട് ഈ നിർദ്ദേശമനുസരിച്ച് സർക്കാർ പഠനം നടത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും.

കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി എന്നിവിടങ്ങളിലും നെലമംഗല-കുനിഗൽ റോഡിലെ ഒരു സ്ഥലവും ആണ് ബാംഗ്ലൂരിലെ രണ്ടാം വിമാനത്താവളത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങൾ. ഈ മൂന്നിടങ്ങളിലും വിമാനത്താവളത്തിലായി 4500 ഏക്കറോളം ഭൂമി കണ്ടെത്താനും സർക്കാരിന് സാധിച്ചിട്ടുണ്ട്.സ്ഥലങ്ങൾ ഷോർട് ലിസ്റ്റ് ചെയ്ത ശേഷം, ഈ പ്രദേശങ്ങളിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക സർക്കാർ മാർച്ച് ആദ്യ വാരം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്ത് നല്കിയിരുന്നു.

ബെംഗളൂരുവിൽ എത്തുന്ന സംഘത്തിന് സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഭൂമിയുടെ ഭൂപടം,സർവേ ഓഫ് ഇന്ത്യയുടെ ഭൂപടങ്ങൾ, കഴിഞ്ഞ ഒരു ദശാബ്തക്കാലത്തെ വിശദമായ കാലാവസ്ഥാ റിപ്പോർട്ട്, നിർദിഷ്ട വിമാനത്താവളത്തിന്റെ പ്രവർത്തന വിശദാംശങ്ങൾ തുടങ്ങിയ രേഖകളും വിവരങ്ങളും സർക്കാർ തയ്യാറാക്കിക്കഴിഞ്ഞു.വൺ ഇന്ത്യാ റിപ്പോർട്ട് അനുസരിച്ച് ദേശീയ, സംസ്ഥാന പാതകൾ വഴിയുള്ള കണക്റ്റിവിറ്റി , റെയിൽ, മെട്രോ നെറ്റ്‌വർക്കുകൾ വഴിയുള്ള പ്രവേശനക്ഷമത, യാത്രക്കാർക്കുള്ള ദൂരവും യാത്രാ സമയവും, ഭൂപ്രകൃതി, ജനസാന്ദ്രത, ജലലഭ്യത എന്നിവയുൾപ്പെടെയുള്ള ഭൂമിയുടെ സവിശേഷതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സര്‍ക്കാർ വിമാനത്താവളത്തിനുള്ള ഭൂമി കണ്ടെത്തുവാന് പരിഗണിച്ച കാര്യങ്ങൾ.

അതേസമയം മറ്റു സ്വാധീനങ്ങൾ ഒന്നുമില്ലാതെ, പൂർണ്ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുംരണ്ടാം വിമാനത്താവള ലൊക്കേഷന്‍റെ അന്തിമ തീരുമാനം എടുക്കുന്നതെന്ന് സംസ്ഥാന അടിസ്ഥാന സൗകര്യ മന്ത്രി എംബി പാട്ടീൽ ആവർത്തിച്ച് വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിനുശേഷം, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവുമായും മറ്റ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായും ഈ സ്ഥലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോകുമെന്നും എംബി പാട്ടീ വിശദമാക്കി.

നെലമംഗല-കുനിഗൽ റോഡ് സൈറ്റ് നഗരമധ്യത്തിൽ നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയാണെന്നും, മെട്രോ, നൈസ് റോഡ്, മൈസൂരു എക്സ്പ്രസ് വേ എന്നിവയോട് സാമ്യമുള്ളതിനാൽ കനകപുര റോഡ് മികച്ച കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ഥലം നഗരത്തിൽ നിന്ന് വളരെ അകലെയാണെങ്കിൽ, അത് ആവശ്യത്തിന് യാത്രക്കാരെ ആകർഷിക്കില്ലെന്ന് പറഞ്ഞ മന്ത്രി യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങൾ നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ വരുമെന്നും സൂചിപ്പിച്ചു.

അതേസമയം തുംകൂരിൽ വിമാനത്താവളം വരണമെന്ന ആവശ്യം പലകോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും മന്ത്രി അതിനോട് വിയോജിപ്പാണ് രേഖപ്പെടുത്തിയത്. തുമകൂരുവിലെ സിറ പോലുള്ള സ്ഥലങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ മന്ത്രി നഗരത്തിന് ഫലപ്രദമായി സേവനം നൽകുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനും വിമാനത്താവളം ബെംഗളൂരുവിന് അടുത്തായിരിക്കണം എന്നും കൂട്ടിച്ചേർത്തു.

പദ്ധതികൾ വേഗത്തിലാക്കി കർണ്ണാടക : കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള തമിഴ്നാടിന്‍റെ ഭാഗമായ ഹൊസൂരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ പദ്ധതികൾ മുന്നോട്ടു പോവുകയാണ്. ഈ സാഹചര്യത്തിൽ കർണ്ണാടക രണ്ടാം വിമാനത്താവള പദ്ധതികൾ വേഗത്തിലാക്കുവാനുള്ള തയ്യാറെടുപ്പിലാണ്.അതേസമയം, ബെംഗളൂരുവിൽ പുതിയൊരു വിമാനത്താവളം നിർമ്മിക്കാൻ നേരിടുന്ന തടസ്സങ്ങളിലൊന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള (BIAL) എക്സ്ക്ലൂസിവിറ്റി ക്ലോസ് ആണ്. ഈ കരാർ അനുസരിച്ച് ഈ വിമാനത്താവളത്തിന് 150 കിമി ചുറ്റളവിൽ മറ്റൊരു വിമാനത്താവളം നിർമിക്കാൻ കഴിയില്ല. എന്നാൽ ഈ നിയന്ത്രണം 2032-ൽ കഴിയുന്നതിനാൽ പുതിയ വിമാനത്താവളത്തിനുള്ള പ്രവർത്തനങ്ങൾ നടത്താം.

You may also like

error: Content is protected !!
Join Our WhatsApp Group