ബെംഗളൂരു∙ പദ്ധതികൾ പലതും നടപ്പാക്കിയിട്ടും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാകാതെ ബിബിഎംപി. ദേശീയ ശുചിത്വ റാങ്കിങ്ങിൽ 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഇത്തവണ 36–ാം സ്ഥാനത്ത് എത്തിയെങ്കിലും നഗരം വർഷങ്ങളായി നേരിടുന്ന മാലിന്യപ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയാണ്. 2023–24 വർഷത്തിലെ 125–ാം റാങ്കിൽ നിന്നാണ് ബെംഗളൂരു 36ലേക്ക് കയറിയത്. മാലിന്യനീക്കത്തിനൊപ്പം സംസ്കരണവും കാര്യക്ഷമമായാൽ മാത്രമേ നഗരം നേരിടുന്ന പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാൻ സാധിക്കും.
മാലിന്യനീക്കത്തിന് മാത്രമായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് എന്ന കമ്പനി 3 വർഷം മുൻപ് രൂപീകരിച്ചിരുന്നു.വഴിയോരത്ത് മാലിന്യം വലിച്ചെറിയുന്നതു തടയാനുള്ള നടപടികൾ കാര്യമായി മുന്നോട്ട് പോയിട്ടില്ല. ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് ചെറിയ യൂണിറ്റുകൾ കൂടുതൽ ഇടങ്ങളിൽ സ്ഥാപിച്ചു. ബിബിഎംപിയുടെ മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ ദ്രവമാലിന്യം മാസങ്ങളോളം കെട്ടിക്കിടക്കുന്നത് ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാക്കിയതോടെയാണ് കൂടുതൽ ഇടങ്ങളിൽ ചെറിയ യൂണിറ്റുകൾ ആരംഭിച്ചത്.
വീടുകളിൽനിന്ന് തരംതിരിച്ചുള്ള മാലിന്യശേഖരണവും ഉദ്ദേശിച്ച ഫലം കാണുന്നില്ല. ഖര, ദ്രവ മാലിന്യം പ്രത്യേകം ശേഖരിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് കർശന നിർദേശം നൽകിയിരുന്നെങ്കിലും ഇതും കാര്യക്ഷമമല്ല. വീടുകളിൽനിന്ന് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനു സൗകര്യമുള്ള ഓട്ടോ ടിപ്പറുകളുടെ സേവനം ചില വാർഡുകളിൽ മാത്രമായി ഒതുങ്ങി.
മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് മൈസൂരു ഇടക്കാലത്ത് നഷ്ടമായ ശുചിത്വ നഗര പദവി തിരിച്ചുപിടിച്ച് മൈസൂരു. 3–10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇത്തവണ മൈസൂരു മൂന്നാംസ്ഥാനം നേടി. മൈസൂരു കോർപറേഷന്റെയും വിവിധ എൻജിഒകളുടെയും സഹകരണത്തോടെ 2008ൽ ആരംഭിച്ച ലെറ്റ്സ് ഡു ഇറ്റ് മൈസൂരു ക്യാംപെയ്നാണു ശുചിത്വനഗരത്തിലേക്കുള്ള പാതയിൽ മൈസൂരുവിന്റെ മാർഗദർശി. മാലിന്യ നിർമാർജനവും സംസ്കരണവും, ശുചിമുറി സൗകര്യം, വായുമലിനീകരണം, ശുചിത്വ ബോധവൽക്കരണം എന്നിവ പരിശോധിച്ചാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ശുചിത്വനഗരങ്ങളുടെ പട്ടിക തയാറാക്കിയത്.