ബിഹാറില്‍ കോണ്‍ഗ്രസിന്റെ സാനിറ്ററി പാഡ് വിതരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ ബെംഗളുരു പൊലീസ് കേസെടുത്തു.ബീഹാർ സ്വദേശികളായ രതൻ രഞ്ചൻ, അരുണ്‍ കോസില്‍ എന്നിവർക്കെതിരെയാണ് ബെംഗളുരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടകയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തക പ്രിയങ്കാ ദേവിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.സാനിറ്ററി പാഡില്‍ രാഹുലിന്റെ ചിത്രം പതിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പരാതി.
വിഷയത്തില്‍ ഇടപെട്ട മറ്റുള്ളവർക്കെതിരേയും നടപടിയുണ്ടാവുമെന്ന് എഫ്‌ഐആറിന്റെ പകർപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.ബിഹാറില്‍ പാഡ് നിർമിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഗ്രാമീണ സ്ത്രീകള്‍ക്കൊരുക്കിക്കൊടുത്തും അഞ്ചു ലക്ഷത്തോളം സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്ന പ്രിയദർശിനി ഉഡാൻ യോജന പദ്ധതിയും കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സാനിറ്ററി പാഡില്‍ രാഹുലുള്ള ചിത്രംപതിച്ച് വ്യാജവീഡിയോയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
അന്ധവിശ്വാസം ജീവനെടുത്തു: മന്ത്രവാദിനിയുടെ തല്ലില്‍ യുവതിക്ക് ദാരുണാന്ത്യം; കൊലക്കേസെടുത്തു!
ശിവമോഗ ജില്ലയിലെ ഹൊസ ജാംബ്രഘട്ട ഗ്രാമത്തില്‍ ‘പ്രേതബാധ’ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ മന്ത്രവാദിനിയുടെ ക്രൂരമായ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു.ഹോളെഹോന്നു പൊലീസ് സ്റ്റേഷൻ പരിധിയില്‍ എ.വി. ഗീതമ്മ (45) ആണ് ദാരുണമായി മരിച്ചത്.സംഭവത്തില്‍ കുറ്റാരോപിതയായ മന്ത്രവാദിനി കെ. ആശയെ ഹോളെഹോന്നു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഗീതമ്മയുടെ മകൻ സഞ്ജയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഞായറാഴ്ച രാത്രി ഏകദേശം ഒമ്ബതരയോടെയാണ് ആശ ഗീതമ്മയുടെ വീട്ടിലെത്തിയത്. ഗീതമ്മയ്ക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ആശ മകൻ സഞ്ജയിനോട് പറഞ്ഞു. മന്ത്രവാദിനിയെ വിശ്വസിച്ച സഞ്ജയ്, ആചാരങ്ങള്‍ നടത്താൻ അനുവാദം നല്‍കി.ഇതോടെ ആശ, ഗീതമ്മയെ വടികൊണ്ട് അടിക്കാൻ തുടങ്ങി. അതേസമയം, വീടിന് പുറത്ത് ഹോമവും നടക്കുന്നുണ്ടായിരുന്നു. ‘ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്തുപോയിട്ടില്ല’ എന്ന് പറഞ്ഞ് ആശ മർദ്ദനം തുടർന്നു. പിന്നീട് ഗീതമ്മയെ ഏകദേശം രണ്ടര കിലോമീറ്റർ അകലെയുള്ള ഹാലെ ജാംബ്രഘട്ടയിലെ ചൗഡമ്മ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.
അവിടെവെച്ച് പുലർച്ചെ രണ്ടര വരെ ആക്രമണം തുടർന്നു.ഒരു ഘട്ടത്തില്‍ ആശ, ഗീതമ്മയുടെ തലയില്‍ ഒരു വലിയ കല്ലുകൊണ്ട് ഇടിക്കുകയും തുടർന്ന് തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തു. ഇതോടെ ഗീതമ്മ കുഴഞ്ഞുവീണു. ഗീതമ്മയില്‍ ആവാഹിച്ച ആത്മാവ് ശരീരം വിട്ടുപോയതായി ആശ ഉടൻതന്നെ പ്രഖ്യാപിച്ചു. തുടർന്ന് മകനോട് ഗീതമ്മയെ വീട്ടിലേക്ക് കൊണ്ടുപോവാൻ ആവശ്യപ്പെട്ടു.എന്നാല്‍, വീട്ടിലെത്തിയ ശേഷം ഗീതമ്മയുടെ നില വഷളായതിനെത്തുടർന്ന് ഉടൻതന്നെ ഹോളെഹൊന്നൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവിടെവെച്ച് ഡോക്ടർമാർ ഗീതമ്മ മരിച്ചതായി സ്ഥിരീകരിച്ചു.ക്രൂരമായ ആക്രമണത്തിന്റെയും ഗീതമ്മയുടെ നിലവിളിയുടെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവമറിഞ്ഞയുടൻ ശിവമോഗ്ഗ ജില്ലാ പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന ഈ ക്രൂരകൃത്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.