Home Uncategorized ബെംഗളൂരു നഗരത്തിൽ വാടകയുടെ പേരിൽ പുതിയ ചൂഷണം ; വീട് പെയിന്റടിക്കാൻ വാടകക്കാരിൽ നിന്നും വൻതുക ഈടാക്കി ഉടമകൾ

ബെംഗളൂരു നഗരത്തിൽ വാടകയുടെ പേരിൽ പുതിയ ചൂഷണം ; വീട് പെയിന്റടിക്കാൻ വാടകക്കാരിൽ നിന്നും വൻതുക ഈടാക്കി ഉടമകൾ

by admin

ബെംഗളൂരു നഗരത്തിൽ ഒരു വീട് കണ്ടെത്താൻ കഴിയുന്ന സാധാരണക്കാർക്ക് ജീവിതത്തിലെ ഏതൊരു പ്രതിസന്ധിയും അനായാസം മറികടക്കാം എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഡിമാൻഡ് കൂടുന്നതനുസരിച്ച് നാൾക്കുനാൾ ഉയർന്നുവരുന്ന വാടക, വീട്ടുടമകൾ മുന്നോട്ടുവയ്ക്കുന്ന വിചിത്രമായ മാനദണ്ഡങ്ങൾ, ഉയർന്ന വാടകയിൽ ലഭിക്കുന്ന അസൗകര്യം നിറഞ്ഞ വീടുകൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളാണ് വാടകക്കാരെ കാത്തിരിക്കുന്നത്.

ഇതെല്ലാം മറികടന്ന് ഒരു വീട് കണ്ടെത്തി താമസം തുടങ്ങിയാലും അത് ഒഴിയേണ്ടി വരുന്ന സാഹചര്യത്തിലും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.വീടൊഴിയുന്ന സമയത്ത് പെയിന്റിങ്ങിന് എന്ന പേരിൽ സെക്യൂരിറ്റി ഇനത്തിൽ കെട്ടിവച്ച തുകയിൽ നിന്നും വലിയൊരു ഭാഗം ഉടമകൾ പിടിച്ചുവയ്ക്കുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ വാടകക്കാരിൽ നിന്നും അമിത തുക ഈടാക്കുന്ന ഉടമകളുടെ എണ്ണം ബെംഗളൂരുവിൽ വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു മാസത്തെ മുഴുവൻ വാടക തുകയും ‘പെയിന്റിങ് ചാർജ്’ എന്ന പേരിൽ പിടിച്ചുവച്ചശേഷം അവശേഷിക്കുന്നത് മാത്രമാണ് ഡെപ്പോസിറ്റിൽ നിന്നും തിരികെ ലഭിക്കുന്നത്. ഒന്നോ, രണ്ടോ ആളുകൾ തുടങ്ങിവച്ച ഈ രീതി വ്യാപകമായതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുന്നതുപോലെ തന്നെ അതിൽ നിന്നും പെയിന്റിങ് ചാർജ് ഈടാക്കുന്നത് വാടക ഭവനമേഖലയിലെ പുതിയ മാനദണ്ഡമായി കഴിഞ്ഞു.

സാധാരണഗതിയിൽ വാടകയ്ക്ക് വിട്ടുകൊടുത്ത വീടിന് കേടുപാടുകളുണ്ടെങ്കിൽ അത് പരിഹരിക്കാനോ വൃത്തിയാക്കാനോ ഒക്കെയായി സെക്യൂരിറ്റി തുകയിൽ നിന്നും പണം ഈടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ വീടുകളുടെ അവസ്ഥ കണക്കിലെടുക്കാതെ തന്നെ ഈ തുക വാടകക്കാർ നൽകേണ്ടി വരുന്നു. ഈ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. വാടകയ്ക്ക് ഒരു വീട് കിട്ടാൻ അത്രത്തോളം ബുദ്ധിമുട്ടായത് മൂലം ഈ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് കരാറിൽ ഏർപ്പെടുകയല്ലാതെ മറ്റുതരമില്ല എന്ന അവസ്ഥയിലാണ് ആളുകൾ.

അതേസമയം പുതിയ ആളുകൾ താമസത്തിന് എത്തുന്നതിനു മുൻപ് വീട് വൃത്തിയാക്കിയിടുന്നത് പതിവാണെന്നും അതിനുള്ള പണം അന്നോളം താമസിച്ചവരിൽ നിന്നും ഈടാക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഉടമസ്ഥരുടെ വാദം. നിർമാണ സാമഗ്രികളുടെ വിലയും പണിക്കൂലിയും വർധിച്ച സാഹചര്യത്തിൽ ഒരു മാസത്തെ വാടക ഇതിനായി വാങ്ങുന്നത് ന്യായമായ കണക്കായാണ് ഉടമകൾ കാണുന്നത്. വാടകക്കാരനും ഉടമസ്ഥനും തമ്മിൽ ഏർപ്പെടുന്ന കരാർ ആയതിനാൽ ഈ രീതിക്കെതിരെ നിയമസാധ്യതയില്ലെന്ന് അഭിഭാഷകരും അഭിപ്രായപ്പെടുന്നു.

ദീർഘകാലം വീട് വാടകയ്ക്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഡെപ്പോസിറ്റ് തുകയിൽ നിന്നും പണം ഈടാക്കുന്നത് ന്യായമാണെന്ന് പറയാമെങ്കിലും മൂന്നോ നാലോ മാസത്തേക്ക് മാത്രം വീട് ഉപയോഗിച്ചശേഷം അത് ഒഴിയുന്നവർക്ക് ഇത് അധിക ബാധ്യത തന്നെയാണ്. അതേപോലെ നിലവിൽ വീടിന്റെ സ്ഥലവിസ്തൃതിക്ക് അനുസരിച്ചല്ല വാടക ഈടാക്കുന്നതെന്നിരിക്കെ പെയിന്റിങ്ങിനായി യഥാർഥത്തിൽ ചെലവാകുന്ന തുകയേക്കാൾ കൂടുതൽ ഉടമസ്ഥന് കൈവശം വന്നുചേരുകയും ചെയ്യും.

പ്രതിമാസം എഴുപതിനായിരം മുതൽ മുകളിലേക്ക് വാടക നൽകേണ്ടിവരുന്ന പ്രീമിയം സൂപ്പർ ലക്ഷ്വറി വീടുകളുടെ കാര്യത്തിൽ മാത്രമാണ് ഇത്തരം ആശങ്കകളില്ലാത്തത്.ആഡംബര അപ്പാർട്ട്മെന്റുകൾക്ക് വിശദമായ ചെക്ക് ലിസ്റ്റുകളും പരിശോധനകളും സാധാരണമാണ്. വീടിനുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായ തുക ഈടാക്കുകയോ അല്ലാത്തപക്ഷം പെയിന്റ് ചെയ്യാൻ വാടകക്കാരെ തന്നെ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന രീതി ആഡംബര വീടുകളുടെ കാര്യത്തിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group