ബംഗളൂരു: വിമാനത്താവളം റോഡില്‍ അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പിടികൂടാൻ കാമറകള്‍ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്.
80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ ഇത്തരം കാമറകള്‍ ഒപ്പിയെടുക്കും. പിന്നീട് ഈ വാഹന ഉടമകളില്‍നിന്ന് പിഴയീടാക്കും. ട്രാഫിക് പൊലീസിന്റെ കണക്കനുസരിച്ച് ദേവനഹള്ളിയിലൂടെയുള്ള കെംപെഗൗഡ ഇന്റർനാഷനല്‍ എയർപോർട്ട് റോഡില്‍ ഈവർഷം ഏപ്രില്‍ 30 വരെ 110 അപകടങ്ങളാണുണ്ടായത്. ഇതില്‍ 30 പേർ മരിച്ചു. 111 പേർക്ക് പരിക്കേറ്റു.
അമിതവേഗമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പരമാവധി 80 കിലോമീറ്ററാണ് ഈ റോഡിലൂടെയുള്ള അനുവദനീയമായ വേഗം. എന്നാല്‍ 100 കിലോമീറ്ററിന് മുകളിലാണ് ഒട്ടുമിക്ക വാഹനങ്ങളും കുതിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് അതിവേഗത്തില്‍ സഞ്ചരിക്കുന്നതില്‍ മുൻപന്തിയില്‍.
ബൈക്ക് വീലി ഉള്‍പ്പെടെയുള്ള ബൈക്ക് അഭ്യാസങ്ങള്‍ കൂടുതല്‍ നടക്കുന്നതും ഈ റോഡിലാണ്. അതിവേഗത്തില്‍ സഞ്ചരിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ചിത്രങ്ങള്‍ റോഡരികുകളില്‍ സ്ഥാപിക്കാനും ട്രാഫിക് പൊലീസിന് പദ്ധതിയുണ്ട്.