ബെംഗളൂരൂ: സ്റ്റാർബക്ക്സിൽ ജോലിക്ക് അപേക്ഷിച്ചിട്ട് ജോലി കിട്ടാതായപ്പോൾ കടുത്ത നിരാശ തോന്നി. ഇപ്പോൾ ആ നിരാശയങ്ങ് മാറി. സ്വന്തമായി കപ്പ് കേക്ക് നിർമിച്ച് നേടുന്നത് ഒരു കോടി രൂപ. വിനോദത്തിനായി കപ്പ്കേക്കുകൾ നിർമിച്ച് തുടങ്ങിയ യുവതിയാണ് കപ്പ് കേക്ക് വിറ്റ് ഇപ്പോൾ ഒരു കോടി രൂപയോളം പ്രതിഫലം നേടുന്നത്. ജോലിക്ക് സ്റ്റാർബക്സിനെ സമീപിച്ചിട്ട് സ്റ്റാർബക്സ് ജോലി നിരസിച്ചയാൾ ഇപ്പോൾ മികച്ച ബിസിനസാണ് സ്വന്തമായി പടുത്തുയർത്തിയിരിക്കുന്നത്.
കോടികൾ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിയയാൾ ബെംഗളൂരു സ്വദേശി മേഘ്ന ജെയിനാണ്. കേക്ക് ബേക്കിങ് പാഷനായതിനാലാണ് മേഘ്ന കപ്പ് കേക്ക് നിർമാണം തുടങ്ങിയത്.ഇപ്പോൾ കപ്പ് കേക്കുകൾ ബേക്ക് ചെയ്യുന്ന മികച്ച ഒരു കമ്പനി തന്നെ സ്ഥാപിച്ചിരിക്കുകയാണ് മേഘ്ന. മേഘ്നയുടെ കഥ ബിസിനസ് പടുത്തുയർത്താൻ ആഗ്രഹിക്കുന്ന ആർക്കും പ്രചോദനമാണ്. സ്വന്തം കമ്പനിയിൽ നിന്നാണ് മേഘ്ന കോടിക്കണക്കിന് മൂല്യം വരുന്ന ആസ്തികൾ പടുത്തുയർത്തിയത്.
കോളേജ് പഠനം കാലഘട്ടം മുതൽ തന്നെ മേഘ്നക്ക് ബേക്കിങ്ങിനോട് ഇഷ്ടമുണ്ട്. ഹോബിയുമായിരുന്നു. 2011-ലാണ്, മേഘ്‌ന കപ്പ്‌കേക്കുകൾ ബേക്ക് ചെയ്യാൻ പഠിച്ചത്. അയൽക്കാരിയാണ് ഇത് പഠിപ്പിച്ചത്. പിന്നീട് ഇവയിൽ ചിലത് വീട്ടിൽ പരീക്ഷിച്ചു. മികച്ച പ്രതികരണം ലഭിച്ചതിനാൽ കൂടുതൽ മികച്ച രീതിയിൽ കപ്പ്‌കേക്കുകൾ ഉണ്ടാക്കാൻ പഠിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ കപ്പ്‌കേക്കുകൾ ഇഷ്ടപ്പെട്ട് ഓർഡർ നൽകിയതോടെ കൂടുതൽ പരീക്ഷണങ്ങൾ.
എല്ലാ ഞായറാഴ്ചയും വീട്ടിൽ കപ്പ്‌കേക്കുകൾ നിർമിച്ച് പരീക്ഷണങ്ങൾ തുടങ്ങി. കോളേജിലും ഉണ്ടായിരുന്നു ചെറിയ തോതിലെ കപ്പ്കേക്ക് വിൽപ്പനയൊക്കെ.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടന്ന ബിസിനസ് പ്ലാൻ മത്സരത്തിൽ മേഘ്ന മൂന്നാം സമ്മാനം നേടി. ആത്മവിശ്വാസത്തോടെ, കോളേജിൽ പഠിക്കുമ്പോൾ തന്നെ ഏഞ്ചൽ നെറ്റ്‌വർക്കുകളിൽ പ്രവർത്തിച്ച് തുടങ്ങി. പഠനകാലത്ത് തന്നെ പ്രതിമാസം 7,000–8,000 രൂപ സമ്പാദിച്ചു തുടങ്ങി.
പഠനശേഷമാണ് മേഘ്‌ന സ്വന്തം ബിസിനസ് തുടങ്ങുന്നത്. ആദ്യം ‘ഇന്നർഷെഫ്’ എന്ന ഫുഡ് ടെക് കമ്പനിയിൽ ജോലി ചെയ്തു തുടങ്ങി. ഒരു വർഷം കഴിഞ്ഞ് സ്വന്തമായി മധുരപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. ബെംഗളൂരുവിൽ നാല് സ്ഥലങ്ങളിൽ ചെറുതായി വിൽപ്പന തുടങ്ങി.സ്റ്റാർബക്‌സിൽ ഒരു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിക്കാത്തതിനാൽ സ്വന്തമായി ഒരു കേക്ക് ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും ഇത് വിജയമായി. പടുത്തുയർത്താനായത് കോടികളുടെ ബിസിനസാണ്. 2018 ൽ ‘ഡ്രീം എ ഡസൻ’ എന്ന സ്ഥാപനം തുടങ്ങുന്നത്. ഇപ്പോൾ കോർപ്പറേറ്റുകൾക്ക് ഗിഫ്റ്റ് ഹാംപറുകൾ ഉൾപ്പെടെ നിർമ്മിച്ച് നൽകുന്നു.