ബെംഗളൂരു: നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. നവംബര്‍ അവസാനത്തോടെ നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് ആറാമത്തെ ട്രെയിന്‍ സെറ്റ് ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ ഡിസംബര്‍ മുതലുള്ള തിരക്കേറിയ സമയങ്ങളില്‍ മെട്രോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.നമ്മ മെട്രോയ്ക്കായി ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്ലാന്റില്‍ നിന്ന് നവംബര്‍ 17ന് മൂന്ന് കോച്ചുകള്‍ അയച്ചു. ശേഷിക്കുന്ന മൂന്ന് കോച്ചുകള്‍ കൂടി ഇന്ന് പശ്ചിമ ബംഗാളിലെ പ്ലാന്റില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഈ ട്രെയിന്‍ സെറ്റുകള്‍ ഏകദേശം 2000 കിലോമീറ്റര്‍ റോഡ് മാര്‍ഗം യാത്ര പൂര്‍ത്തിയാക്കി 10 ദിവസത്തിനുള്ളില്‍ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിച്ചേരും.ഡിപ്പോയിലെത്തിയ ശേഷം അര്‍ദ്ധരാത്രി സമയങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡിസംബര്‍ മൂന്നാം ആഴ്ചയോ അല്ലെങ്കില്‍ നാലാം ആഴ്ചയോ മുതല്‍ സര്‍വീസ് ആരംഭിക്കും.ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള 19.15 കിലോമീറ്ററിലാണ് നമ്മ മെട്രോ യെല്ലോ ലൈന്‍ വ്യാപിച്ചു കിടക്കുന്നത്. നിലവില്‍ 15 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകള്‍ ഓടുന്നത്. ആറാമത്തെ ട്രെയിന്‍ കൂടി വരുമ്ബോള്‍ കാത്തിരിപ്പ് സമയം 12 മുതല്‍ 13 മിനിറ്റ് വരെ കുറയുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.
രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും ഓരോ 15 മിനിറ്റിലുമാണ് മെട്രോ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നത്. ആറാമത്തെ ട്രെയിന്‍ സെറ്റ് കൂടി എത്തിയാല്‍ പ്രവര്‍ത്തന സമയം ആറു മണിക്ക് തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതുകൂടാതെ രണ്ട് ട്രെയിന്‍ സെറ്റുകള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. ഇത് ഡിസംബറില്‍ പശ്ചിമബംഗാളില്‍ നിന്ന് അയയ്ക്കും.ആകെ എട്ടു ട്രെയിന്‍ സെറ്റുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കാത്തിരിപ്പ് സമയം ഏകദേശം 10 മിനിറ്റ് ആയി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്തത്. ഓഗസ്റ്റ് 11-ന് സര്‍വീസ് ആരംഭിച്ച യെല്ലോ ലൈനില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞിട്ടുണ്ട്. അതേസമയം നീണ്ട കാത്തിരിപ്പ് സമയവും സര്‍വീസുകള്‍ വൈകുന്നതും യാത്രക്കാര്‍ക്കിടയില്‍ വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിവസങ്ങളില്‍ മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കണമെന്ന് നിരവധി യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടെ ആര്‍വി റോഡില്‍ നിന്നുള്ള മെട്രോ ട്രെയിന്‍ യാത്രക്കാര്‍ തടഞ്ഞ സംഭവവും ഉണ്ടായി.