ബംഗളൂരു: നമ്മ മെട്രോ ട്രെയിനുകളില്‍ യാത്രക്കാര്‍ മറന്നുവെച്ച വസ്തുക്കള്‍ ലേലം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആവശ്യക്കാരെത്താത്ത സാധനങ്ങളാണ് ലേലം ചെയ്തത്. 6354 വസ്തുക്കളുടെ ലേലം വഴി 7.4 ലക്ഷം രൂപ ബി.എം.ആര്.സി.എല്‍ നേടി. മെട്രോ ട്രെയിനുകളില്‍നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ആറുമാസത്തിലൊരിക്കല്‍ സാധാരണ ലേലം ചെയ്യാറുണ്ട്.
കുട, ലഞ്ച് ബോക്സുകള്‍, ബാഗുകള്‍ മുതലായവയാണ് ലഭിക്കാറുള്ളത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ രഹസ്യ സ്വഭാവമുള്ളതിനാല്‍ പൊലീസിന് കൈമാറും. ലേല തീയതി നേരത്തെ അറിയിക്കും. വസ്തുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാൻ സമീപത്തെ മെട്രോയില്‍ ബന്ധപ്പെടാം. ബി.എം.ആര്.സി.എല്‍ വെബ്സൈറ്റിലെ ഹെല്പ് ലൈൻ നമ്ബറിലും ബന്ധപ്പെടാം.
പോസ്റ്റല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം 12 മുതല്‍
ബംഗളൂരു: ഓള് ഇന്ത്യ ഗ്രാമീണ്‍ ദാക് സേവക്സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മുതല്‍ തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങും.
ഇതോടെ ഈ ദിവസങ്ങളില്‍ തപാല്‍ സര്‍വിസുകള്‍ തടസ്സപ്പെടും. സിവില്‍ സര്‍വന്റ് സ്റ്റാറ്റസ് അനുവദിക്കുക, ജോലി എട്ടു മണിക്കൂറായി നിജപ്പെടുത്തുക, റൂറല്‍ പോസ്റ്റല്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വേതന വര്‍ധനയും ചികിത്സ ആനുകൂല്യങ്ങളും ആര്‍ജിത അവധി അനുവദിക്കുന്നതും അടക്കമുള്ള കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് യൂനിയൻ ജനറല്‍ സെക്രട്ടറി മഹാദേവയ്യ ആവശ്യപ്പെട്ടു.