ബെംഗളൂരു: പുതുതായി ആരംഭിച്ച നമ്മ മെട്രോ യെല്ലോ ലൈനിലെ ബസ് സ്റ്റോപ്പുകള്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് അടുത്തല്ലെന്ന് യാത്രക്കാര്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് സുപ്രധാന ഇടപെടല്‍ സാധ്യമാക്കിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (BMRCL).ബെംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുമായി ചേര്‍ന്ന് നിരവധി ബസ് സ്റ്റോപ്പുകള്‍ സ്റ്റേഷനടുത്തേക്ക് മാറ്റി സ്ഥാപിച്ചു. ചിലയിടങ്ങളില്‍ പുതിയവ സജ്ജീകരിക്കുകയും ചെയ്തു.ബിഎംആര്‍സിഎല്ലിന്റെയും ബിഎംടിസിയുടെയും സംയുക്ത പരിശോധനയ്ക്ക് ശേഷം, ബസ്, മെട്രോ ട്രെയിന്‍ സര്‍വീസുകളെ സുഗമമായി ബന്ധിപ്പിക്കാന്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റുകയോ പുതുതായി സ്ഥാപിക്കുകയോ ചെയ്തുവെന്ന് BMRCL അധികൃതര്‍ അറിയിച്ചു.ബയോകോണ്‍ ഹെബ്ബഗോഡി, ബേരട്ടെന അഗ്രഹാര, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ആര്.വി. റോഡ് എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമാണ് പുതിയ ബിഎംടിസി ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ഇതുകൂടാതെ, ഇലക്ട്രോണിക്സ് സിറ്റി, ഹോസ റോഡ്, രാഗിഗുദ്ദ എന്നിവിടങ്ങളിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകള്‍ അതത് മെട്രോ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിച്ചു.ജയദേവ, ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി, കുഡ്ലു ഗേറ്റ്, ഇന്‍ഫോസിസ് ഫൗണ്ടേഷന് കൊനപ്പന അഗ്രഹാര എന്നിവിടങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ നേരത്തെ തന്നെ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് 100 മീറ്റര്‍ പരിധിയില്‍ ലഭ്യമാണ്.ഈ നിര്‍ണായക നടപടിയിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മെട്രോ സ്റ്റേഷനുകളില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് BMRCL അധികൃതര്‍ അറിയിച്ചു. അതേസമയം ഹുസ്കൂര്‍ റോഡിലും ഡെല്‍റ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്രയിലും സ്ഥലപരിമിതി മൂലം ബസ് സ്റ്റോപ്പുകള്‍ മാറ്റാന്‍ സാധിച്ചിട്ടില്ല.