ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗപാതയിൽ കാറുകൾകൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും ബെംഗളൂരുവിലെ താമസക്കാരനുമായ നീരജ് കുമാർ (50), ഭാര്യ സെൽവി (47), കാർ ഡ്രൈവർ മാണ്ഡ്യ സ്വദേശി നിരഞ്ജൻ (35) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ മദ്ദൂർ ഗെജ്ജലഗെരെയിലായിരുന്ന അപകടം. ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന ടാക്സി കാറിലേക്ക് ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന എസ്.യു.വി. കാർ ഇടിച്ചു കയറുകയായിരുന്നു.
ടാക്സി കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്നുപേരും. എസ്.യു.വി.യിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശികളായ രണ്ടുപേർക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
എസ്.യു.വി. യുടെ അതിവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. മഴ പെയ്ത് നനഞ്ഞ റോഡിൽ നിയന്ത്രണംനഷ്ടപ്പെട്ട എസ്.യു.വി. ഡിവൈഡർ മറികടന്നാണ് എതിരേവരുകയായിരുന്ന ടാക്സി കാറിൽ ഇടിച്ചത്.
പൂർണമായിതകർന്ന ടാക്സി കാറിൽനിന്ന് മറ്റുയാത്രക്കാരും സമീപവാസികളും ചേർന്ന് മൂവരേയും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. അതേസമയം, ബെംഗളൂരു- മൈസൂരു അതിവേഗപാതയിലുണ്ടാകുന്ന അപകടങ്ങൾ അധികൃതർക്ക് വലിയപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ പാതയിലുണ്ടായ അപകടങ്ങളിൽ 55 പേരാണ് മരിച്ചത്. 570 അപകടങ്ങളുമുണ്ടായി. മിക്കവാഹനങ്ങളും പാതയിലൂടെ 120 കിലോമീറ്ററിലേറെ വേഗതയിലാണ് സഞ്ചരിക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടിക്ക് സിദ്ധരാമയ്യയുടെ നിര്‍ദേശം
ബംഗളൂരു: വ്യാജവാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നിര്‍ദേശം നല്‍കി.ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വര്‍ഗീയ കലാപങ്ങളും സംഘടിത ആക്രമണങ്ങളും ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാൻ ചിലരുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ തുടങ്ങിയ സാഹചര്യത്തിലാണു നടപടി കര്‍ശനമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്താനും ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാല്‍ അതു സൃഷ്‌ടിച്ചവര്‍ക്കെതിരേയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാണു പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.