ബംഗളൂരു : മൈസൂരു -ബെംഗളുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പുതിയ പത്ത് വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികള്‍ക്ക് വലിയ സഹായമാണ്.ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു.
വികസനത്തിന് വേണ്ടിയുള്ള പണം കോണ്‍ഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോദി കുറ്റപ്പെടുത്തി. ജെഡിഎസ് പ്രദേശത്തിന്‍റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. പാവപ്പെട്ടവന്‍റെ ബുദ്ധിമുട്ട് ഒരിക്കലും കോണ്‍ഗ്രസിന് മനസ്സിലാകില്ല. എന്‍റെ ഖബര്‍ കുഴിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. എന്‍റെ ശ്രമം വികസനത്തിന്. മോശം വാക്കുകളുപയോഗിക്കുന്ന കോണ്‍ഗ്രസ് ആ പണി തുടരട്ടെ. എനിക്ക് രാജ്യത്തിന്‍റെ മൊത്തം അനുഗ്രഹമുണ്ടെന്നും മോദി പറഞ്ഞു
117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ എക്സ്പ്രസ് വേ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂരു – കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഹുബ്ബള്ളി ധാര്‍വാഡിലെത്തുന്ന പ്രധാനമന്ത്രി ധാര്‍വാഡ് ഐഐടിയുടെ പുതിയ മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും.